എരുമേലി : പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കണമെന്ന് ഐജി നിർദേശിച്ചത് പ്ലാസ്റ്റിക് ബോട്ടിലിൽ നിറച്ച വെളളത്തിന് മുമ്പിലിരുന്ന്. ഇനി യോഗങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിൽ വെളളം പാടില്ലെന്ന് മന്ത്രിയും കളക്ടറും നിർദേശിച്ച എരുമേലിയിലാണ് പ്ലാസ്റ്റിക് നിരോധനം ലക്ഷ്യമിട്ട് ചേർന്ന യോഗത്തിലും പ്ലാസ്റ്റിക് കുപ്പികൾ നിരന്നത്. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി കഴിഞ്ഞ ദിവസം കളക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്ലാസ്റ്റിക് കുപ്പി വെളളം വിതരണം ചെയ്തതിനെ കളക്ടർ രൂക്ഷമായി വിമർശിച്ചിരുന്നു.
കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നപ്പോഴും പ്ലാസ്റ്റിക് കുപ്പിവെളളം വിതരണം ചെയ്തതിനെ മന്ത്രിയും കളക്ടറും വിമർശിച്ചി രുന്നു. തിളപ്പിച്ചാറിയ വെളളം ചില്ല് ഗ്ലാസുകളിൽ നൽകണമെന്നും ഇനി ഒരിക്കലും പ്ലാസ്റ്റിക് കുപ്പിവെളളം ഉപയോഗിക്കരുതെന്നും ഇരുവരും ദേവസ്വം അധികൃതരോട് കർശന നിർദേശം നൽകിയിരുന്നു.
ഇതിൻറ്റെ തൊട്ടടുത്ത ദിവസമാണ് പോലിസ് ഐജി പി വിജയൻ എരുമേലിയിൽ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ യോഗം വിളി ച്ചുചേർത്തത്. ഈ യോഗത്തിലും പ്ലാസ്റ്റിക് കുപ്പിവെളളം വിതരണം ചെയ്തതിലൂടെ പദ്ധതിയെ പ്രഹസനമാക്കിയെന്ന ആക്ഷേപമാണ് ഉയർത്തിയിരിക്കുന്നത്.