പൊന്‍കുന്നം: അകാലത്തില്‍ പൊലിഞ്ഞ സനൂപിനും റസലിനും സഹപാഠികളും അധ്യാപകരും നിറകണ്ണുകളോടെ വിടചൊല്ലി. ദുഃഖസാന്ദ്രമായിരുന്നു തിങ്കളാഴ്ച പകല്‍ പൊന്‍കുന്നം വിഎച്ച്എസ്എസിന്.
കഴിഞ്ഞ ദിവസം ബൈക്കപകടത്തില്‍ മരിച്ച ഈ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ പൊന്‍കുന്നം പൈനാനിയില്‍ സനൂപിന്റെയും മുണ്ടക്കയം ചാച്ചിക്കവല പുതുപ്പറമ്പില്‍ റസല്‍ റഹിമിന്റെയും മൃതദേഹങ്ങള്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിനെത്തിച്ചപ്പോള്‍ സഹപാഠികള്‍ക്ക് ദുഃഖമടക്കാനായില്ല. വിദ്യാര്‍ഥികളും അധ്യാപകരും നൂറുകണക്കിനു നാട്ടുകാരുമാണ് അന്ത്യഞ്ജലി അര്‍പ്പിക്കാനെത്തിയത്. ആന്റോ ആന്റണി എംപിയുള്‍പ്പടെ ജനപ്രതിനിധികളും എത്തിയിരുന്നു. സനൂപിന്റെ മൃതദേഹം തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. റസലിന്റെ മുതദേഹം മുണ്ടക്കയം വരിക്കാനി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. ഇരുവരുടെ വീടുകളിലും നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.