പാറത്തോട്: പഞ്ചായത്ത് ഓഫീസിന്റെ രണ്ടാം നില സമുച്ചയത്തിന്റെയും ജലനിധി രണ്ടാം ഘട്ടത്തിന്റെയും കുടുംബശ്രീ സിഡിഎസ് വാര്‍ഷികവും നാലിന് നടക്കും. പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിന്റെ രണ്ടാം നില 50 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ജലനിധിപദ്ധതി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം ഒരു പരിധിവരെ പരിഹരിക്കുകയും ഒന്നാംഘട്ടം വളരെ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രത്യേക പ്രശംസയ്ക്ക് പാത്രമാവുകയും ഇതിലൂടെ രണ്ടാം ഘട്ടപദ്ധതികള്‍ക്കായി മൂന്ന് കോടി രൂപ കൂടി അനുവദിച്ചു.

ഈ ഭരണസമിതി അധികാരമേറ്റശേഷം ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിന്നുകൊണ്ട് നാടിന്റെ വികസനത്തിന് പ്രത്യേകിച്ച് സംസ്ഥാന ഗവണ്‍മെന്റ് ത്രിതല പഞ്ചായത്തുകള്‍ വഴി നടപ്പിലാക്കുന്ന പദ്ധതികളായ ലൈഫ്, ആര്‍ദ്രം, വിദ്യാഭ്യാസ സംരക്ഷണയജ്ഞം, മാലിന്യ നിര്‍മ്മാര്‍ജനം ഉള്‍പ്പെടയുള്ള പദ്ധതികള്‍ നമ്മുടെ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്നതിനുള്ള തയാറെടുപ്പിലാണ്. ലൈഫ് പദ്ധതി വഴി സര്‍വേ നടത്തി കണ്ടെത്തിയ നമ്മുടെ പഞ്ചായത്തിലെ അറുന്നൂറോളം ഭൂരഹിത-ഭവനരഹിതരുടെ കരട് ലിസ്റ്റ് സമയബന്ധിതമായി പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്.

ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ എല്‍പിജി ശ്മശാനം പദ്ധതിയ്ക്ക് 32 ലക്ഷം രൂപ വകയിരുത്തി. ഇതോടൊപ്പം കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും കൃഷി ഉല്‍പന്നങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതി, വയോജനങ്ങള്‍ക്കുള്ള പ്രത്യേക കര്‍മ്മപരിപാടി, പാലിയേറ്റീവ് പരിചരണം, പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് സമ്പൂര്‍ണ്ണ മാലിന്യ നിര്‍മാര്‍ജനം പദ്ധതികള്‍, ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണം, പട്ടികജാതി, വര്‍ഗക്കര്‍ക്കുള്ള പ്രത്യേകപദ്ധതികള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് ഏകദേശം 372 പദ്ധതികള്‍ക്കായി 10 കോടി രൂപയുടെ പദ്ധതികളാണ് ഈ നടപ്പ് സാമ്പത്തികവര്‍ഷം നടപ്പിലാക്കുന്നത്.

നാലിന് രവിലെ 10.30 ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളില്‍ പി.സി. ജോര്‍ജ് എംഎല്‍എ യുടെ അധ്യക്ഷതയില്‍ മന്ത്രിമാരായ കെ.ടി ജലീല്‍, മാത്യു ടി. തോമസ് എന്നിവര്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കുടുംബശ്രീ, സിഡിഎസ് വാര്‍ഷികം ആന്റോ ആന്റണി എംപി നിര്‍വഹിക്കുന്നതും 2016-17 ലെ മികച്ച പ്രതിഭകളെ ഡോ. എന്‍. ജയരാജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയ കുതിരവേലി എന്നിവര്‍ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരികനേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും സമ്മേളനത്തോടനുബന്ധിച്ച് കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതുമാണ്. പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക്, വൈസ് പ്രസിഡന്റ് ടി.എം. ഹനീഫ മെംബര്‍മാരായ ഡയസ് കോക്കാട്ട്, എന്‍.ജെ. കുര്യക്കോസ്, കെ.പി.സുജീലന്‍,വര്‍ഗീസ് കൊച്ചുകുന്നേല്‍,കെ.യു. അലിയാര്‍, മാര്‍ട്ടിന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.