ശനിയാഴ്ച്ച നടക്കുന്ന കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്ത് കൗണ്‍സിലിലേക്കുള്ള തിരഞ്ഞടുപ്പ് ഫലപ്രഖ്യാപനമാണ് ഹൈക്കോടതി തടഞ്ഞത്. കാഞ്ഞിരപ്പള്ളി സ്വദേശി തേനംമാക്കല്‍ പി.എം ബഷീര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

തന്റെ പേര് കരട് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്ത പളളി പരിപാലന കമ്മിറ്റിയുടെ നടപടി ചോദ്യം ചെയ്ത് ബഷീര്‍ തോമാക്കല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍ മേലാണ് കോടതിയുടെ ഉത്തരവ്.

ഇതു പ്രകാരം ബഷീറിന് വോട്ടവകാശം അനുവദിച്ച കോടതി ഈ വോട്ട് പ്രത്യേക പെട്ടിയില്‍ സൂക്ഷിക്കണമെന്നും ഉത്തരവിട്ടുണ്ട്. കോടതിയുടെ അടുത്ത ഉത്തരവ് വരുന്നത് വരെയാണ് ഫലപ്രഖ്യാപനം തടഞ്ഞിരിക്കുന്നത്.

പള്ളിയില്‍ ഡി.ഡിയായി അയച്ച വരിസംഖ്യ തിരിച്ച് പള്ളി പരിപാലന കമ്മിറ്റി മേടിക്കുവാനും മഹല്ലില്‍ ഇദ്ദേഹത്തിനുള്ള അവകാശം തിരിച്ച് പുനസ്ഥാപിക്കുവാനും കോടതി ഉത്തരവിട്ടു

അടുത്ത വാദം കേള്‍ക്കുന്നതിനായി തിങ്കളാഴ്ച കേസ് എടുക്കും. ജസ്റ്റിസ് സി.റ്റി രവികുമാര്‍, ജസ്റ്റിസ് ബി.സുധീന്ദ്ര കുമാര്‍ എന്നിവരാണ് വ്യാഴാഴ്ച്ച വിധി പ്രഖ്യാപിച്ചത്.