എരുമേലി : ‘ കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ…വലി ! ഈ പഴഞ്ചൊല്ല് പോ ലെ പൊതുധനം പാഴാവുകയാണ് എരുമേലി ഗ്രാമപഞ്ചായത്തിലെന്ന് ആക്ഷേപം. തുളളി വെളളം പോലുമെത്താതെ വര്‍ഷങ്ങളായി കേടായികിടക്കുന്ന പൊതുടാപ്പുകള്‍ക്കും വെ ളളക്കരം ഇനത്തില്‍ തുക നല്‍കികൊണ്ടിരിക്കുകയാണ് പഞ്ചായത്ത്. ജലഅഥോറിറ്റിയു ടെ കുടിവെളള വിതരണ പദ്ധതി ആരംഭിച്ചത് നാലര പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. അന്ന് പൊതു ടാപ്പുകള്‍ 101 എണ്ണമായിരുന്നു. ഇതില്‍ പകുതിയിലേറെയും വര്‍ഷങ്ങളായി പ്രവര്‍ത്തനയോഗ്യമല്ല. എന്നാല്‍ ഇപ്പോഴും ഈ കണക്കിലാണ് വെളളക്കരമായി ലക്ഷ ങ്ങള്‍ പഞ്ചായത്ത് നല്‍കികൊണ്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ വൗച്ചറുകളിലായി 101 പൊതു ടാപ്പുകള്‍ക്ക് വെളളക്കരമായി നല്‍കിയത് അഞ്ചര ലക്ഷത്തോളം രൂപയാണ്. അതായത് 531140 രൂപ. ഇത് കൂടാതെ കുടിശികയായി 74 ലക്ഷം രൂപ നല്‍കാനുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ജലഅ ഥോറിറ്റി നടത്തിയ പരിശോധനയില്‍ 45 ടാപ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇത് ഗ്രാമപഞ്ചായത്തിനെ അറിയിച്ചിരുന്നു. എന്നാല്‍ സംയുക്ത പരിശോധന നടത്തി ബോധ്യപ്പെടാനായി ക്ഷണിച്ചിട്ടും പഞ്ചായത്തധികൃതര്‍ തയ്യാറാ യില്ലെന്ന് ജല അഥോറിറ്റി പറയുന്നു. കഴിഞ്ഞയിടെ മാലിന്യ സംസ്‌കരണത്തിന് ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളില്‍ പ്ലാന്റ്റുകള്‍ സന്ദര്‍ശിക്കാന്‍ പോയ ദിവസമാണ് സംയു ക്തമായി ടാപ്പുകള്‍ പരിശോധിക്കാന്‍ ജല അഥോറിറ്റി എത്തിയതെന്ന് പഞ്ചായത്തധി കൃതര്‍ പറയുന്നു. ഇക്കാരണത്താലാണ് പരിശോധനയില്‍ പങ്കെടുക്കാന്‍ കഴിയാതിരു ന്നത്. അതേസമയം ഇതിന് മുമ്പും സംയുക്തപരിശോധനക്ക് പഞ്ചായത്ത് അധികൃതര്‍ സഹകരിച്ചിട്ടില്ലെന്ന് ജലഅഥോറിറ്റി പറയുന്നു.

എന്നാല്‍ അതൊന്നും സൗകര്യപ്രദമായ തീയതികളല്ലായിരുന്നെന്നാണ് പഞ്ചായത്തിന്റ്റെ പക്ഷം. സംയുക്ത പരിശോധനയിലൂടെ മാത്രമാണ് ടാപ്പുകളുടെ എണ്ണം പുതുക്കി നിശ്ചയിക്കാന്‍ കഴിയുക. വെളളമെത്താത്ത ടാപ്പുകള്‍ നീക്കം ചെയ്യാന്‍ ജലഅഥോറിറ്റി തയ്യാറാണ്. ഇതിനോട് പഞ്ചായത്ത് യോജിക്കുന്നില്ല. എല്ലാ ടാപ്പുകളും പ്രവര്‍ത്തന നിരതമാക്കണമെന്നാണ് പഞ്ചായത്തിന്റ്റെ നിലപാട്. അതേസമയം പൊതുടാപ്പുകളുടെ എണ്ണം കുറയ്ക്കണമെന്നാണ് ജലഅഥോറിറ്റി പൊതുവായി സ്വീകരിച്ചിരിക്കുന്ന തീരുമാനം. ഏതെങ്കിലും ഒരു പൊതുടാപ്പ് നീക്കം ചെയ്താല്‍ പിന്നെ അത് പുനഃസ്ഥാപിച്ച് നല്‍കില്ല. പ്രവര്‍ത്തിക്കുന്നത് 45 ടാപ്പുകള്‍ മാത്രമാണെന്ന് ജലഅഥോറിറ്റി പറയുമ്പോഴും ഈ ടാപ്പുകളില്‍ വെളളമെത്തുന്നത് വല്ലപ്പോഴുമാണെന്നുളളതാണ് വാസ്തവം.

മുഴുവന്‍ സമയ പമ്പിംഗ് നടത്തിയാലാണ് എല്ലാ ടാപ്പുകളിലും വെളളമെത്തുക. ഓരോ പ്രദേശങ്ങളിലേക്ക് വേണ്ടിയുളള പമ്പിംഗാണ് ദിവസക്രമം അടിസ്ഥാനത്തില്‍ ജലഅഥോറിറ്റി നടത്താറുളളത്. എരുമേലി ടൗണ്‍, നേര്‍ച്ചപ്പാറ, തുമരംപാറ, കാളകെട്ടി വരെ നീളുന്ന ജലവിതരണമാണ് ജലഅഥോറിറ്റിയുടേത്. എരുമേലി ടൗണിലും പരിസരങ്ങളിലും മണിമലയാറില്‍ നിന്നും തുമരംപാറയില്‍ കുഴല്‍കിണറില്‍ നിന്നും കാളകെട്ടിയില്‍ അഴുതയാറില്‍ നിന്നുമാണ് ജലവിതരണം. അതേസമയം ക്ലോറിനേഷനല്ലാതെ ശാസ്ത്രീയമായ ശുദ്ധീകരണമൊന്നുമില്ലാതെയാണ് കുടിവെളളമെന്ന പേരില്‍ നദീജലം വിതരണം ചെയ്യുന്നത്.

എരുമേലിയിലെ 53 കോടി പദ്ധതിയില്‍ പൊതുടാപ്പില്ല : വിതരണം പഴയപടി

കമ്മീഷന്‍ ചെയ്യാന്‍ നിര്‍മാണം അന്തിമഘട്ടത്തിലായ എരുമേലി സമഗ്ര കുടിവെളള വിതരണ പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ പൊതുടാപ്പിലൂടെ വെളളം കിട്ടുക എരുമേലി ടൗണിലെ ഏതാനും സ്ഥലങ്ങളില്‍ മാത്രമെന്ന് സൂചന. പൊതുടാപ്പുകള്‍ കുറയ്ക്കണമെന്ന വകുപ്പിന്റ്റെ പുതിയ തീരുമാനമാണ് ഇതിന് കാരണമെന്ന് പറയുന്നു. ജനങ്ങള്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ കേടായ പൊതുടാപ്പുകള്‍ നന്നാക്കുകയില്ല. ഇവ നീക്കം ചെയ്യും.

പദ്ധതിയില്‍ നിന്നും മുണ്ടക്കയത്തേക്കും വെളളമെത്തിക്കുന്നതിനാല്‍ എരുമേലി ടൗണില്‍ ജലവിതരണം നടത്തുന്നതിന് ശേഷി കുറയുമെന്ന് ആശങ്കയുണ്ട്. നേര്‍ച്ചപ്പാറയില്‍ പുതിയ സംഭരണി നിര്‍മിച്ചെങ്കിലുംസമീപത്തെ കാലപ്പഴക്കമേറിയ ടാങ്കിലേക്ക് വെളളമെത്തിച്ച് വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ ടാങ്കിലെത്തുന്ന വെളളം പഴയ ടാങ്കിലേക്ക് വിട്ട് പഴയ വിതരണ പൈപ്പുകളിലൂടെ നിലവിലുളള പഴയ രീതിയില്‍ ജലവിതരണം നടത്താനാണ് നീക്കമുളളത്. പുതിയ പദ്ധതി കമ്മീഷന്‍ ചെയ്യുമ്പോള്‍ നിലവിലുളള കാലപ്പഴക്കമേറിയ കൊരട്ടി പദ്ധതി നിര്‍ത്തിവെക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ കൊരട്ടി പദ്ധതിയെ പുതിയ പദ്ധതിയിലേക്ക് ബന്ധിപ്പിക്കാനാണ് ഇപ്പോള്‍ നീക്കമുളളത്. പൊതുടാപ്പുകള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ടൗണില്‍ അയ്യപ്പ ഭക്തരെ മുന്‍നിര്‍ത്തി പഴയ പൊതുടാപ്പുകള്‍ നിലനിര്‍ത്താനാണ് അനൗദ്യോഗിക തീരുമാനം.

എരുമേലിയില്‍ പൊതുടാപ്പുകള്‍ സ്വകാര്യ കസ്റ്റഡിയില്‍

60 ഓളം പൊതുടാപ്പുകളുണ്ടായിരുന്ന എരുമേലി ടൗണില്‍ പല പൊതുടാപ്പുകളും സ്വകാര്യവ്യക്തികള്‍ കയ്യടക്കിയെന്ന് ജലഅഥോറിറ്റി. എരുമേലി പേട്ടക്കവലയിലെ ടാപ്പുകളില്‍ നിന്ന് രഹസ്യമായി പൈപ്പുകള്‍ വഴി വെളളം ചോര്‍ത്തുന്നത് കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടാല്‍ ഇവ നീക്കം ചെയ്യാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ട് ടാപ്പുകള്‍ സ്വകാര്യ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ്. തീര്‍ത്ഥാടനകാലത്ത് മാത്രമാണ് ഈ ടാപ്പുകളിലെ വെളളം ശേഖരിക്കാറുളളത്. എന്നാല്‍ മാസം തോറും ഈ ടാപ്പുകള്‍ക്കെല്ലാം പഞ്ചായത്ത് വെളളക്കരം നല്‍കികൊണ്ടിരിക്കുന്നതിനാല്‍ പഞ്ചായത്ത് നിര്‍ദേശിക്കാതെ പൊതുജനസൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനാകില്ല.

വലിയമ്പലത്തിനടുത്തുളള ടാപ്പിലൂടെ വെളളം ചോര്‍ത്തി സ്വകാര്യ കക്കൂസ് സമുച്ചയത്തിലേക്ക് ഉപയോഗിക്കുന്നുണ്ടെന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റ്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലും ഇതേ നിലയില്‍ രണ്ട് ടാപ്പുകളുണ്ട്. നേര്‍ച്ചപ്പാറയിലും വാഴക്കാല ലക്ഷംവീട് കോളനി ഭാഗത്തും ചില ടാപ്പുകള്‍ സ്വകാര്യവ്യക്തികളുടെ പക്കലാക്കി വെച്ച് കിണറിലേക്കും മറ്റുമായി ഉപയോഗിക്കുകയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്ന് അധികൃതര്‍ പറയുന്നു.

ടിബി റോഡില്‍ ഒന്നും പാലത്തില്‍ ഒന്നും കുന്നേല്‍ കോളനിയില്‍ മൂന്നും കൊരട്ടി റോഡില്‍ മൂന്നും കരിങ്കല്ലുമുഴി റോഡില്‍ അഞ്ചും ഓരുങ്കല്‍ കടവ് കെഎസ്ആര്‍ടിസി റോഡില്‍ അഞ്ചും ആമക്കുന്നില്‍ ഒന്നും ചെമ്പകത്തുങ്കല്‍ പാലം ഭാഗത്ത് ഒന്നും പഞ്ചായത്ത് ഓഫിസ് പടിയില്‍ ഒന്നും പേട്ടക്കവല പെട്രോള്‍ ബങ്ക് ഭാഗത്ത് ഒന്നും സെന്റ്റ് തോമസ് സ്‌കൂള്‍ ജംഗ്ഷനില്‍ ഒന്നും ബസ് സ്റ്റാന്‍ഡ് റോഡില്‍ മൂന്നും നേര്‍ച്ചപ്പാറ-കൊരട്ടി റോഡില്‍ മൂന്നും അഞ്ചേക്കര്‍ ഭാഗത്ത് നാലും ഉള്‍പ്പടെ 33 പൊതുടാപ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതിന്റ്റെ ഇരട്ടിയാണ് മൊത്തം ടാപ്പുകളുടെ എണ്ണം. പകുതിയും കേടായി ഉപയോഗരഹിതമായിട്ട് മാസങ്ങളായി.