എരുമേലി:കാമറയിൽ നൂറുകണക്കിനു പേരുടെ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ സാന്‍റിഷ് യാത്രയായത് മൂന്നു പേരുടെ ജീവിതത്തിനു പുതുജീവൻ പകർന്ന്. ഈസ്റ്റർ ദിനത്തിലായിരുന്നു ഈ അവയവദാനമെന്നതും പ്രത്യേകതയായി. കഴിഞ്ഞ ദിവസം മസ്തിഷ്കമരണം സംഭവിച്ച, എരുമേലി ഉള്ളാട്ടിൽ ജോസഫ്-ലൈസാമ്മ ദന്പതികളുടെ മകൻ സാന്‍റിഷിന്‍റെ രണ്ടു വൃക്കകളും കരളും പാൻക്രിയാസുമാണു മൂന്നു പേർക്കു പുതുജീവൻ പകർന്നത്.
SCOLERS
കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഈസ്റ്റർ ദിനമായ ഇന്നലെ പുലർച്ചെ രണ്ടു മുതൽ ഏഴുവരെ നീണ്ട ശസ്ത്രകിയയിലാണ് അവയവങ്ങൾ വേർപെടുത്തിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെയും കാരിത്താസ് ആശുപത്രിയിലെയും വിദഗ്ധ സംഘം മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് അവയവമാറ്റ നടപടിക്രമം ഇന്നലെ പുലർച്ചെ ഒന്നരയോടെയാണു പൂർത്തിയാക്കിയത്. തുടർന്ന് അമൃത ആശുപത്രിയിൽനിന്നുള്ള വിദഗ്ധ സംഘമെത്തി യാണ് അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ അവയവങ്ങൾ ശേഖരിച്ചത്.

തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് 13നാണ് ഫോട്ടോഗ്രാഫറായ സാന്‍റിഷിനെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ നൽകിയിട്ടും ഗുരുതരാവസ്ഥയിലായതിനെത്തുടർന്നു വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയിരുന്നത്. ബന്ധുക്കളുടെ ആഗ്രഹപ്രകാരമാണ് സാന്‍റിഷിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്.

അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശികളായ ഒരാൾക്ക് ഒരു വൃക്കയും പാൻക്രിയാസും നൽകും. ഇവിടെത്തന്നെ മറ്റൊരാൾക്കു കരളും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഒരു രോഗിക്ക് അടുത്ത വൃക്കയും നൽകും. എരുമേലിയിലും ചുങ്കപ്പാറയിലും മരിയ എന്ന പേരിൽ സ്റ്റുഡിയോകൾ നടത്തി വരികയായിരുന്നു സാന്‍റിഷ്. മാടപ്പള്ളി കാരയ്ക്കാട്ട് കുടുംബാംഗമായ ജോസ്മിയാണ് ഭാര്യ. ജോയൽ(ആറ്), ജിത്തു(മൂന്ന്) എന്നിവർ മക്കളാണ്. സാന്‍റിഷിന്‍റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.kalayil 22