കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭ കൂരിയമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയ പ്പുരയ്ക്കലിന്റെ മെത്രാഭിഷേകകര്‍മ്മങ്ങള്‍ നവംബര്‍ 12-ാം തിയതി ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കാഞ്ഞിരപ്പള്ളി കത്തീദ്രല്‍ ദൈവാലയത്തില്‍ ആരംഭിക്കും. വിവിധ ക്രൈസ്തവ സഭാമേലധ്യക്ഷന്മാരും ഇതര മതങ്ങളുടെ പ്രതിനിധികളും, സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹി ക്കും. ഉച്ചയ്ക്ക് 1.30 ന് അഭിവന്ദ്യ പിതാക്കന്മാരെയും മറ്റു വിശിഷ്ടാതിഥികളേയും കത്തീദ്രല്‍ ദൈവാലയ അങ്കണത്തില്‍ സ്വീകരിക്കും. 1.45ന് മെത്രാഭിഷേകത്തിനു മുന്നോടിയായുള്ള പ്രദക്ഷിണം മഹാജൂബിലി ഹാളില്‍നിന്ന് ആരംഭിക്കും.

തുടര്‍ന്ന് രണ്ട്മണിക്ക് കത്തീദ്രല്‍ പള്ളിയില്‍ നടക്കുന്ന അഭിഷേകകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷനും കെസിബിസി പ്രസിഡന്റുമായ റൈറ്റ് റവ.ഡോ. മരിയ കലിസ്റ്റ് സൂസൈപാക്യം തിരുവചനസന്ദേശം നല്‍കും. റവ.ഫാ.ജോര്‍ജ് വാണിയപ്പുരയ്ക്കല്‍ തിരുക്കര്‍മ്മശു ശ്രൂഷകളുടെ ആര്‍ച്ചുഡീക്കനാകും.

അഭിഷേകശുശ്രൂഷകളുടെ ആരംഭത്തില്‍ സീറോ മലബാര്‍ സഭ കൂരിയ ചാന്‍സിലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ നിയുക്തമെത്രാന്റെ നിയമന ഉത്തരവ് വായിക്കും. വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ ലെയനാര്‍ഡോ സാന്ദ്രിയുടെയും, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെയും അനുഗ്രഹാശംസകള്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രിബ്യൂണല്‍ ആന്റ് പോസ്റ്റ്ലേറ്റര്‍ ജനറല്‍ പ്രസിഡ ന്റ് റവ.ഡോ.ജോസ് ചിറമ്മേലും റവ.ഫാ.വിന്‍സന്റ് ചെറുവത്തൂരും വായിക്കും. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

കത്തോലിക്കാ സഭയിലെയും ഇതര ക്രൈസ്തവസഭകളിലെയും നാല്പതിലധികം മെത്രാന്മാരും വിവിധ രൂപതകളില്‍നിന്നുമായി വൈദികരും, സന്യസ്തരും, അല്മാ യപ്രതിനിധികളുമുള്‍പ്പെടെ നാലായിരത്തിയഞ്ഞൂറോളം പേര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും. 600 വോളന്റിയേഴ്സ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. കൂടാതെ നൂറിലധികം പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും കാഞ്ഞിരപ്പള്ളിയിലെ തദ്ദേശസ്വ യംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണ വും പരിപാടികള്‍ക്കുണ്ടാകും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസി കള്‍ക്കുവേണ്ടി അതിവിശാലമായ പന്തലാണ് കത്തീദ്രല്‍ ദൈവാലയാങ്കണത്തിലൊ രുക്കിയിരിക്കുന്നത്.

പന്തലിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ക്ലോസ്ഡ്് സര്‍ക്യൂട്ട് ടിവികളിലൂടെ തിരുക്കര്‍മ്മങ്ങള്‍ വീക്ഷിക്കാനാകും. കൂടാതെ ലോകമെമ്പാടുമുള്ള വിശ്വാസിസമൂഹത്തിനായി ഇന്റര്‍നെറ്റിലൂടെ അഭിഷേകകര്‍മ്മങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട 33 ഗായകര്‍ മലയാളം, സുറിയാനി ഭാഷകളില്‍ ഗാനങ്ങളാലപിച്ച് തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കും.