കാഞ്ഞിരപ്പള്ളി:മുറിവേറ്റും രോഗം മൂര്‍ച്ഛിച്ചും മേരി ക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്കു കാരുണ്യത്തിന്റെ കരസ്പര്‍ശമേകാന്‍ സിസ്റ്റര്‍ ഹെലനുണ്ട്; 83ാം വയസ്സിലും കാരുണ്യത്തിന്റെ നിത്യ പ്രകാശവുമായി. വേദനിക്കുന്ന വരെ ശുശ്രൂഷിക്കുന്നതാണ് മഹത്തരമായ ദൈവശുശ്രൂഷയെന്നു വിശ്വസിക്കുന്ന സിസ്റ്റര്‍ ഹെലന്‍ സിഎംഐ സഭയുടെ കാഞ്ഞിരപ്പള്ളി 26ാം മൈല്‍ മേരി ക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ 57 വര്‍ഷമായി സ്റ്റാഫ് നഴ്സാണ്. പഠനകാലം ഉള്‍പ്പെടെ 60 വര്‍ഷമായി നഴ്സിങ് രംഗത്തു സജീവ സാന്നിധ്യം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണു ജോലി.

സിസ്റ്റര്‍ ഹെലനെ അറിയാത്തവര്‍ മലയോരമണ്ണില്‍ വിരളം. ആറു പതിറ്റാണ്ടായി ലക്ഷക്കണക്കിന് ആളുകളെ ചികില്‍സിച്ച സിസ്റ്റര്‍ ഹെലന് ഇക്കാലത്തിനിടെ സ്വയം ചികില്‍സ വേണ്ടിവന്നത് ഒരുതവണ മാത്രം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് ഒരാഴ്ചത്തെ വിശ്രമവും ചികില്‍സയും. ഇക്കാലത്തിനിടെയുണ്ടായ അനുഭവങ്ങളേറെ. ഒരിക്കല്‍ ആശുപത്രിയിലെത്തിച്ച കുഞ്ഞു മരിച്ച വേദനയില്‍ അക്രമാസക്തയായ ഒരമ്മയുടെ അടിയേറ്റ സിസ്റ്റര്‍ ഹെലന്‍ നിശ്ശബ്ദയായി നില്‍ക്കുക മാത്രമാണു ചെയ്തത്. പിന്നീട് ആ അമ്മ തിരിച്ചെത്തി മാപ്പു പറഞ്ഞതു മറക്കാനാവാത്ത അനുഭവം.

ചേനപ്പാടി മുട്ടത്ത് തോമസ്അന്നമ്മ ദമ്പതികളുടെ 14 മക്കളില്‍ മൂന്നാമത്തെ മകളായി 1934 ഒക്ടോബര്‍ 10ന് ആണ് ജനനം. 1960ല്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കി മേരി ക്വീന്‍സ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. 1985 മുതല്‍ കുറച്ചുകാലം ജര്‍മനിയില്‍ നഴ്സായി ജോലി ചെയ്തു. വീണ്ടും മേരി ക്വീന്‍സില്‍ എത്തി. 2004ല്‍ വ്രതവാഗ്ദാനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചു. ദൈവാനുഗ്രഹം, പ്രാര്‍ഥന, കൃത്യനിഷ്ഠ എന്നിവയാണ് ആരോഗ്യത്തിനു പിന്നിലെന്നു സിസ്റ്റര്‍ ഹെലന്‍ വിശ്വസിക്കുന്നു.mery queens may parish hall