കണമല : രാജവെമ്പാല വാവ സുരേഷിന് പുത്തരിയല്ല. പക്ഷെ മൂക്കന്‍പെട്ടിയിലെ നാട്ടു കാര്‍ക്ക് ഈ അനുഭവം ഒരിക്കലും മറക്കാവുന്നതുമല്ല. ഇത് രണ്ടാം തവണയാണ് രാജ വെമ്പാല നാടിനെ ഭയപ്പെടുത്താന്‍ എത്തുന്നത്. മൂക്കന്‍പെട്ടി അരുവിക്കല്‍ വെട്ടിക്കല്‍ സണ്ണിയുടെ വീടിനുള്ളില്‍ കയറിയ രാജവെമ്പാലയെ മണിക്കൂറുകള്‍ക്ക് ശേഷം വാവാ സുരേഷ് തലസ്ഥാനത്തുനിന്നും എത്തിയാണ് പുറത്തെടുത്ത് നാടിന് ആശ്വാസം പകര്‍ന്നത്. രണ്ട് വര്‍ഷം മുമ്പ് മൂക്കന്‍പെട്ടിയില്‍ വീടിനുള്ളില്‍ അലമാരയ്ക്ക് അടിയിലായി പതുങ്ങിയിരുന്നത് രാജവെമ്പാലയാണെന്ന് നാടറിഞ്ഞപ്പോഴുണ്ടായ അതേ ഭീതിതന്നെയാണ് ഇന്നലേയും നാട്ടിലെമ്പാടും പരന്നത്.

വാവാ സുരേഷ് എത്തുന്നതുവരെ മണിക്കൂറുകളോളം നാട്ടുകാര്‍ മാത്രമല്ല വനപാലകസംഘവും രാജവെമ്പാലയ്ക്ക് കാവലിരുന്നു. സണ്ണിയുടെ വീടിനുള്ളില്‍ ഹാളില്‍ സെറ്റിക്കടിയിലായി പതുങ്ങി ചുരുണ്ടുകിടക്കുകയായിരുന്നു ഭീകരനായ രാജവെമ്പാല. വനപാലകര്‍ ഇടയ്ക്കിടെ ശക്തിയേറിയ വെളിച്ചമുള്ള ടോര്‍ച്ച് തെളിച്ച് രാജവെമ്പാല സ്ഥലംവിട്ടോയെന്ന് നോക്കുന്നുണ്ടായിരുന്നു. ഉച്ച കഴിഞ്ഞതോടെയാണ് സുരേഷ് എത്തിയത്. എല്ലാം നിമിഷനേരം കൊണ്ട് കഴിഞ്ഞു. വീടിനുള്ളിലേയ്ക്ക് കയറിപ്പോയ സുരേഷ് മിന്നല്‍പോലെ രാജവമ്പാലയുമായി തിരിച്ചിറങ്ങുന്നത് കണ്ട് നാട് അന്തം വിട്ടുനിന്നു.

പിന്നെ ഫോട്ടോയെടുക്കാനുള്ള മത്സരമായിരുന്നു. ആന്‍ട്രോയിഡ് ഫോണുകളുമായി ചിലര്‍ക്ക് സെല്‍ഫി വേണമെന്നായിരുന്നു ആവശ്യം. എല്ലാത്തിനും സുരേഷ് മാത്രമല്ല ഭീകരനായ രാജവെമ്പാലയും സുരേഷിന്റെ കൈയ്യിലൊതുങ്ങിയിരുന്നുപോയി. തുരുതുരാമിന്നുന്ന ഫ്‌ളാഷുകളില്‍ പാമ്പിന് മുത്തം കൊടുത്തം കൈയ്യിലുയര്‍ത്തിയും സുരേഷ് പോസ് ചെയ്തു. ഒടുവില്‍ വനപാലകര്‍ ഇടപെട്ടതോടെ ഫോട്ടോ സെക്ഷന്‍ മതിയാക്കി സുരേഷും ഒപ്പം നാടിനെ വിറപ്പിച്ച രാജവെമ്പാലയും കാട്ടിലേയ്ക്ക് യാത്രയായി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുമ്പൂന്നിക്കരയില്‍ വീട്ടിനുള്ളില്‍ നിന്നും വാവാ സുരേഷെത്തി പിടികൂടിയത്. എന്തായാലും ഇരുമ്പൂന്നിക്കരയിലും മൂക്കന്‍പെട്ടിയിലും ഇനീയും രാജവെമ്പാലകള്‍ ഉണ്ടായേക്കാമെന്നും നാട്ടുകാര്‍ പരമാവധി ശ്രദ്ധിക്കണമെന്നും കരുതിയിരിക്കണമെന്നുമാണ് സുരേഷ് മാത്രമല്ല വനപാലകരും അറിയിച്ചിരിക്കുന്നത്.