എരുമേലി : കടത്തിണ്ണയിലിരുന്ന് പേപ്പറില്‍ വാരിയിട്ട മണ്ണ് ഭക്ഷിച്ചുകൊണ്ടിരുന്ന തമിഴ്‌ നാട്ടുകാരന് ഭക്ഷണവും യാത്രാക്കൂലിയും നല്‍കി നാട്ടുകാരും പോലിസും ചേര്‍ന്ന് നാട്ടിലേക്ക് വിട്ടു. ഇന്നലെ രാവിലെ പത്തരയോടെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റ്റ് ജംഗ്ഷനില്‍ സപ്ലൈകോ വില്‍പന കേന്ദ്രത്തിന് സമീപമാണ് സംഭവം. മണ്ണ് കഴിക്കുന്നത് കണ്ട് അമ്പരപ്പും കൗതുകവുമായി നാട്ടുകാര്‍ ചുറ്റും കൂടുകയായിരുന്നു.

തൊണ്ടയില്‍ കുടുങ്ങിയ മണല്‍ വയറ്റിലേക്കിറക്കാന്‍ പ്രയാസപ്പെട്ടത് കണ്ട് വെളളം നല്‍ കിയവര്‍ ഇനി മണ്ണ് ഭക്ഷിക്കരുതെന്ന് കര്‍ശനമായി പറഞ്ഞ് വിലക്കി.തുടര്‍ന്ന് ഭക്ഷണം വാങ്ങി നല്‍കി. ഇതിനിടെ ചിലര്‍ ഇത് തട്ടിപ്പാണെന്ന് പറഞ്ഞു. കട്ടപ്പനയിലും കാഞ്ഞിര പ്പളളിയിലും സമാനമായ സംഭവങ്ങള്‍ കഴിഞ്ഞയിടെയുണ്ടായെന്നും ഇവര്‍ വിവരിച്ചു.

മണ്ണ് കഴിച്ച് ശ്രദ്ധയും സഹതാപവും പിടിച്ചുപറ്റി പണവും ഭക്ഷണവും നേടുകയാണ് ലക്ഷ്യം. അപ്പോഴേക്കും വിവരമറിഞ്ഞ് എരുമേലി എസ് ഐ മനോജ് മാത്യുവും പോലീസുമെത്തി വിവരങ്ങള്‍ തിരക്കി. പമ്പയില്‍ ജോലി തേടി വന്നതാണെന്നും സ്വദേശം തമിഴ്‌നാട് തേനിയാണെന്നും പണമില്ലാതെ വലഞ്ഞതിനൊപ്പം വിശപ്പ് സഹിക്കാന്‍ വയ്യാതായതോടെ മണ്ണ് തിന്നതാണെന്നും ഇയാള്‍ പറഞ്ഞു.

ഒരു പക്ഷെ തട്ടിപ്പാണെങ്കില്‍ പോലും അയാള്‍ക്ക് ആവശ്യം പോലെ ഭക്ഷണം നല്‍കണ മെന്ന് പറഞ്ഞ എസ് ഐ തമിഴ്‌നാട്ടിലെ മേല്‍വിലാസത്തില്‍ ഫോണില്‍ ബന്ധപ്പെട്ട് ബന്ധു ക്കളുമായി സംസാരിച്ചു. തുടര്‍ന്ന് നാട്ടുകാരും പോലിസും ചേര്‍ന്ന് യാത്രാക്കൂലി നല്‍കി കെഎസ്ആര്‍ടിസി ബസില്‍ കയറ്റിവിടുകയായിരുന്നു.