എഴുപതിറ്റാണ്ടുകാലമായി വായനയുടെ നവ്യാനുഭൂതി ഒരു നാടിനു പകർന്നു നൽകുകയാണ് പനമറ്റം ദേശീയ വായനശാല. 1951ൽ സ്ഥാപിതമായി വായനശാലയിൽ 1200 അംഗങ്ങളും 25000 പുസ്തകങ്ങളുമുണ്ട്.

സാധാരണ ഒരു വായനശാലയിൽ നിന്നും വ്യത്യസ്തമാണ് പനമറ്റം ദേശീയ വായനശാല. കുറെ പുസ്തകങ്ങൾ എടുത്തുകൊണ്ടു പോയി വായിക്കാനും വർത്തമാനപത്രങ്ങൾ മറിച്ചു നോക്കാനും മാത്രമല്ല ഒരു നാടിന്‍റെ എല്ലാ കാര്യങ്ങളിലും ഗ്രാമവാസികൾക്കൊപ്പം ഈ ഗ്രന്ഥശാലയുണ്ട്. വനിതകൾക്കും വയോദികൾക്കുമായി വീടുകളിൽ പുസ്തകം എത്തിച്ചു നൽകുന്നത് ഉൾപ്പെടെ നിരവധിയായ സേവന പ്രവർത്തനങ്ങൾ ഗ്രന്ഥശാല നടത്തുന്നുണ്ട്. ‌panamattam vayanasala 1
ഒന്ന് എന്ന പേരിൽ മുഖപത്രം സ്വന്തമായുള്ള വായനശാല വിദ്യാർഥികൾക്കായുള്ള ചെറുകഥാമത്സരം എല്ലാ വർഷവും നടത്തിവരുന്നു. വിവാഹസദ്യകളും വിളന്പുകളും ഏറ്റെടുത്തു നടത്തുന്ന ഈവൻ മാനേജ്മെന്‍റ് ഗ്രൂപ്പ്, രക്തദാനസംഘം, കലാകായിക വിഭാഗങ്ങൾ, ബാലവേദി, യുവജനവേദി, വനിതാവേദി, മൂവി ക്ലബ് എന്നിവ ഗ്രന്ഥശാലയോടു ചേർന്നു പ്രവർത്തിക്കുന്നു. നല്ല ഒരു പാലിയേറ്റീവ് കെയർ യൂണിറ്റും വായനശാലയുടെ കീഴിലുണ്ട്. 1996ൽ സംസ്ഥാനത്ത അഞ്ച് മാതൃകാ ഗ്രന്ഥശാലയിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ വർഷം സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്ക് ലഭിക്കുന്ന ഐവി ദാസ് പുരസ്കാരവും ഈ വായനശാലയ്ക്കു ലഭിച്ചു. വി.ബാലചന്ദ്രന്‍റെ കവിതകൾ, വിവേകവാണിയും ഗാന്ധിവചനങ്ങളും, പനമറ്റം കേശവൻകുട്ടിയുടെ കവിതകൾ, വി.ബാലചന്ദ്രൻ സ്മരണിക, ഭയൻ ഓർമ എന്നീ പുസ്തകങ്ങൾ വായനശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ വർഷത്തെ വായനാവാരാചരണത്തിന്‍റെ ഭാഗമായി ഇന്നുമുതൽ ജൂലൈ രണ്ടു വരെ വായനപക്ഷാചരണം സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർ വരെ 30 പേർ എഴുത്തുകാരെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തും.

എസ്. രാജീവ് പ്രസിഡന്‍റും കെ.ഷിബു സെക്രട്ടറിയുമായ ഭരണസമിതിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.