എരുമേലി: അയല്‍പക്കത്തെ വീടിനുള്ളില്‍ തീപടര്‍ന്ന പാചകവാതക സിലിന്‍ഡര്‍ റഗുലേറ്റര്‍ ഊരിമാറ്റി വന്‍ ദുരന്തമൊഴിവാക്കിയ എരുമേലി സെന്റ് തോമസ് സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി നിതിന്‍ ഫിലിപ്പ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡ് .

സംഭവിച്ചേക്കാമായിരുന്ന ദുരന്തത്തെ അവസരോചിതമായി നേരിട്ട മണിപ്പുഴ വെളുത്തേടത്തുകാവില്‍ നിതിന്റെ മനോധൈര്യമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയത്.മുതിര്‍ന്നവര്‍പലരും ഭയന്ന് മാറിനിന്നപ്പോഴാണ് എട്ടാംക്ലാസ്സുകാരന്റെ അവസരോചിതമായ ഇടപെടല്‍.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നിതിന്റെ ധീരകൃത്യം. നിതിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ചങ്ങനാശ്ശേി സ്വദേശി മനോജിന്റെ വീട്ടിലാണ് പാചകവാതക സിലിന്‍ഡറിന്റെ ട്യൂബിലൂടെ തീ പടര്‍ന്നത്. ഈ സമയം മനോജ് കുറുവാമൂഴിയിലുള്ള കുടുംബവീട്ടില്‍ പോയിരിക്കുകയായിരുന്നു. ആളില്ലാത്ത വീടിന്റെ അടുക്കളയില്‍നിന്ന് പുക ഉയരുന്നതുകണ്ടാണ് നിതിനുംസുഹൃത്ത് റോഷനും വീടിന് സമീപംചെന്നത്. ജനലിലൂടെ നോക്കിയപ്പോള്‍ സിലിന്‍ഡറിന്റെ ട്യൂബിലൂടെ തീ പടരുന്നത് കണ്ടു. ഇതിനുസമീപം തന്നെ മറ്റൊരു നിറസിലിന്‍ഡറും ഉണ്ടായിരുന്നു. അടുക്കളയിലിരുന്ന പ്ലാസ്റ്റിക് പാത്രങ്ങളും ഉരികിയിരുന്നു.

ഇരുവരും വെള്ളമൊഴിച്ച് തീ കെടുത്താന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ റോഷന്‍ അയല്‍വാസികളെ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയവര്‍ അടുക്കള വാതില്‍പൊളിച്ച് അകത്ത് കയറിയെങ്കിലും തീ പടരുന്നതുകണ്ട് പകച്ചുപോവുകയായിരുന്നു. ഇതിനിടെയാണ് സ്വജീവന്‍പോലും അവഗണിച്ച് നിതിന്‍ റഗുലേറ്റര്‍ ഊരിമാറ്റി സിലിന്‍ഡര്‍ പുറത്തെത്തിച്ചത്.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍െഫയറിന്റെ ധീരതയ്ക്കുള്ള രാഷ്ട്രപതി അവാര്‍ഡാണ് നിതിനെ തേടിയെത്തിയിരിക്കുന്നത്.

അച്ഛനെയും കൂട്ടി ഡല്‍ഹിക്കു പുറപ്പെട്ട നിധിന്‍ 24നാണ് നരേന്ദ്ര മോദിയില്‍നിന്നു പുരസ്‌കാരം സ്വീകരിച്ചത്. റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഇന്നു മോദിയുടെ തിരക്കു പരിഗണിച്ച് പുരസ്‌കാര വിതരണം 24നു നടത്തുകയായിരുന്നു. പ്രധാനമന്ത്രിക്കു പുറമേ രാജ്യത്തെ പരമോന്നത സ്ഥാനം വഹിക്കുന്ന പലരെയും കാണാനായതു ഭാഗ്യമെന്നു  നിധിന്‍ പറഞ്ഞു.