എരുമേലി : നഷ്ടത്തിലായ ടൂറിസം വകുപ്പിൻറ്റെ തീർത്ഥാടക വിശ്രമകേന്ദ്രത്തിന് പുതു ജീവൻ നൽകാൻ കൺവൻഷൻ സെൻറ്റർ നിർമിക്കുന്നതിന് ഭരണാനുമതിയായി. എരുമേലിയിലെ കൊരട്ടിയിൽ 2005 ൽ നിർമിച്ച പിൽഗ്രിം അമിനിറ്റി സെൻറ്ററിലാണ് കൺവൻഷൻ സെൻറ്റർ നിർമിക്കാൻ അനുമതിയായതെന്ന് പി സി ജോർജ് എംഎൽഎ അറിയിച്ചു. രണ്ട് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
മണിമലയാറിൻറ്റെ തീരവും വിശാലമായ സ്ഥലവും കേരളീയ വാസ്തുശിൽപ മാതൃ കയിൽ കെട്ടിടങ്ങളുമുണ്ടായിട്ടും തീർത്ഥാടകരെത്താത്ത കേന്ദ്രമായി വിശ്രമ കേന്ദ്രം മാറിയതോടെയാണ് നഷ്ടത്തിലായത്. തുടർന്ന് ടൂറിസം ഡെവലപ്പ്മെൻറ്റ് കോർപ്പറേ ഷൻ ഇത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കൈമാറിയിട്ടും നഷ്ടം ഒഴിഞ്ഞില്ല. തീർത്ഥാടകരുടെയും നാട്ടുകാരുടെയും ശ്രദ്ധ പതിയാത്ത സ്ഥലമായതാണ് നഷ്ടം നേരിടാൻ കാരണമായത്.
ഇത് പരിഹരിക്കാനാണ് വിവാഹങ്ങൾക്കും ആഘോഷ പരിപാടികൾക്കും വാടക വ്യവസ്ഥയിൽ നൽകി ലാഭത്തിലാക്കാൻ കൺവൻഷൻ സെൻറ്ററിന് ഭരണാനുമതി ലഭിച്ചതെന്ന് എംഎൽഎ പറഞ്ഞു.