മുണ്ടക്കയം :കടയില്‍കയറി അക്രമം നടത്തിയ പ്രതികളെ പിടികൂടാന്‍ എത്തിയ പൊലീസുകാരെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കുഴിമാവ് സ്വദേശി സുര (ഇടുക്കി സുര-55), പുള്ളോലില്‍ അനില്‍കുമാര്‍ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കത്തി വീശിയുള്ള ആക്രമണത്തില്‍ പരുക്കേറ്റ എസ്‌ഐ പ്രസാദ് ഏബ്രഹാം വര്‍ഗീസ്, പൊലീസ് ഡ്രൈവര്‍ വിപിന്‍ കരുണാകരന്‍ എന്നിവര്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നത്: ഇന്നലെ പകല്‍ രണ്ടുമണിയോടെ കുഴിമാവില്‍ മലഞ്ചരക്കു വ്യാപാരം നടത്തുന്ന ജോയിയുടെ കടയില്‍ കയറി സുര ആക്രമണം നടത്തി. ജോയിയെ മര്‍ദിക്കുകയും കടയ്ക്കു നാശം വരുത്തുകയും ചെയ്തു. ഇതെത്തുടര്‍ന്നു പൊലീസ് എത്തി കേസ് എടുത്തു ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീടു വൈകിട്ട് അഞ്ചുമണിയോടെ സുരയും സുഹൃത്ത് അനില്‍കുമാറും വീണ്ടും എത്തി ജോയിയുടെ കടയ്ക്കു നേരെ ആക്രമണം നടത്തി. സംഭവം അറിഞ്ഞെത്തിയ പൊലീസിനു നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്നു പൊലീസ് ഇരുവരെയും കീഴ്‌പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.