മുക്കൂട്ടുതറ : പതിറ്റാണ്ടുകളായി ഞായറാഴ്ച തോറും നടക്കുന്ന മുക്കൂട്ടുതറ ടൗണിലെ ചന്ത ഇനി മുതൽ ശനിയാഴ്ചയാക്കണമെന്ന ആവശ്യവുമായി വ്യാപാരി സംഘടനകൾ. വിഷയത്തിൽ തീരുമാനമെടുത്തിട്ടില്ലന്ന് പഞ്ചായത്ത് ഭരണസമിതി. ഉചിതമായ തീരുമാനമെടുക്കുന്നത് ജനഹിതം അറിയാൻ അവസരം നൽകിയതിന് ശേഷമായിരിക്കണമെന്ന് ജനപ്രതിനിധികൾ.
അതേ സമയം പഞ്ചായത്തിൻറ്റെ തീരുമാനത്തിന് കാത്തിരിക്കാതെ ചന്ത ശനിയാഴ്ചയിലേക്ക് മാറ്റിക്കഴിഞ്ഞിരിക്കുകയാണ് വ്യാപാരികൾ. ആഴ്ചയിലൊരിക്കൽ വ്യാപാരശാലകളുടെ ഉടമകൾക്ക് അവധി വേണമെന്ന പുതിയ തൊഴിൽ നിയമം ഉന്നയിച്ചാണ് എല്ലായിടത്തും ഞായറാഴ്ച അവധി ദിനമായത് പോലെ മുക്കൂട്ടുതറയിലും ബാധകമാക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് വ്യാപാരി സംഘടനകൾ പറയുന്നു.

ഇക്കാര്യത്തിൽ മുക്കൂട്ടുതറയിലെ വ്യാപാരി സംഘടനകൾ ഐക്യകണ്ഠേനെയാണ് തീരുമാനമെടുത്തത്. വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും ശനിയാഴ്ചയിലേക്ക് ചന്ത മാറ്റണമെന്നറിയിച്ച് പഞ്ചായത്ത് കമ്മറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. കത്തിൽ കഴിഞ്ഞ രണ്ട് മുതൽ ചന്ത ശനിയാഴ്ചയിലേക്ക് മാറ്റിയെന്നും അറിയിച്ചു. 15 ന് ചേരുന്ന പഞ്ചായത്ത് കമ്മറ്റി വിഷയം പരിഗണിക്കും.
കിഴക്കൻ മലയോര മേഖലയുടെ പ്രധാന വാണിജ്യ കേന്ദ്രമാണ് മുക്കൂട്ടുതറ ചന്ത. കാർഷിക വിളകളുടെ വിൽപന കേന്ദ്രം കൂടിയായ ചന്തയുടെ നിയന്ത്രണം പഞ്ചായത്തിനാണ്. ചന്ത പ്രവർത്തിക്കുന്നത് പഞ്ചായത്തിൻറ്റ ഷോപ്പിംഗ് കോംപ്ലക്സിലാണ്. ചന്ത ഞായറാഴ്ചയായതിനാൽ തിങ്കളാഴ്ചയായിരുന്നു വ്യാപാരികളുടെ അവധി ദിനം.
വിവാഹം, മറ്റിതര പൊതു പരിപാടികളൊക്കെ പൊതു അവധി ദിനമായ ഞായർ ആയതിനാൽ വ്യാപാരികൾക്ക് പങ്കെടുക്കാനാവുന്നില്ല. അതേ സമയം തൊഴിലാളികളും കൂലിപ്പണിക്കാരും ഏറെ അധിവസിക്കുന്ന കിഴക്കൻ മേഖലയിൽ ശനിയാഴ്ച വൈകിട്ടാണ് ഇവർക്ക് ആഴ്ച വേതനം ലഭിക്കുന്നത്.