കാഞ്ഞിരപ്പള്ളി : സീറോ മലബാർ സഭാ എപ്പാർക്കിയൽ കൂരിയ ബിഷപ്പായി നിയമിതനായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം നവംബർ 12ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടക്കും.മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ എന്നിവർ സഹകാർമികരായിരിക്കും. വിശുദ്ധ കുർബാനമധ്യേ കെസിബിസി അധ്യക്ഷൻ തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ.സൂസപാക്യം വചനപ്രഘോഷണം നടത്തും.
ഉച്ചകഴിഞ്ഞ് 1.30ന് കാഞ്ഞിരപ്പള്ളി മഹാജൂബിലി ഹാളിൽനിന്നു മെത്രാൻമാരും വൈദികരും പ്രദക്ഷിണമായി മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനെ കത്തീഡ്രലിലേക്ക് ആനയിക്കും. വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ മേലധ്യക്ഷൻമാരും രാഷ്ട്രീയ സാമൂഹിരംഗത്തെ പ്രമുഖരും കാഞ്ഞിരപ്പള്ളി രൂപതയിലെ ഇടവക പ്രതിനിധികളും മെത്രാഭിഷേകത്തിൽ പങ്കെടുക്കും.