മദ്യപ സംഘം വയോധികൻറ്റെ കാൽ തല്ലിയൊടിച്ചു : ആശുപത്രിയിലുമെത്തി ഭീഷണി പ്പെടുത്തിയപ്പോൾ പോലിസ് പിടികൂടി
എരുമേലി : കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധനെ വിജനമാ യ പാർക്കിംഗ് ഗ്രൗണ്ടിലിട്ട് മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചു. ശനിയാഴ്ച വൈകി ട്ട് ആറ് മണിയോടെ എരുമേലി പേട്ടക്കവലക്ക് സമീപമാണ് സംഭവം. നിലവിളിച്ച് വൃദ്ധൻ ഓടിയപ്പോൾ പിന്നാലെയെത്തി ഇരുമ്പ് ദണ്ഡ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. റോഡിലേക്കോടി ഓട്ടോയിൽ കയറി സർക്കാർ ആശുപത്രിയിലെത്തിയ വൃദ്ധന് നേരെ ഭീഷണി മുഴക്കി അക്രമി സംഘം അവിടെയുമെത്തി. വിവരമറിഞ്ഞ് പോലിസ് എത്തിയപ്പോൾ ഒരാൾ ഓടി രക്ഷപെട്ടു.
മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പോലിസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും എരുമേലി ടൗൺ സ്വദേശികളുമായ കൂതറ സുമേഷ്, മണിക്കുട്ടൻ, എന്നിവരെയാണ് പോലിസ് പിടികൂ ടിയത്. ഓടി രക്ഷപെട്ട കഞ്ചൻ രാജേഷിനെ പിടികൂടാനായി അന്വേഷണം ആരംഭിച്ചു. പാത്തിക്കക്കാവ് സ്വദേശി മണി (68) യെ ആണ് സംഘം മർദ്ദിച്ചവശനാക്കിയത്.
സംഘം മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയെത്തിയ മണിയോട് പണം ചോദിച്ച് കിട്ടാതെ വന്നപ്പോഴായിരുന്നു ആക്രമണം. ഇടത് കാലിന് ഒടിവും ശരീരമാസകലം പരിക്കുകളുമേറ്റ മണിയെ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തിൽ ഊർജിത അന്വേഷണം ആരംഭിച്ചെന്ന് മണിമല സിഐ റ്റി ഡി സുനിൽ കുമാർ, എരുമേലി എസ്ഐ മനോജ് മാത്യു എന്നിവർ അറിയിച്ചു.