മദ്യവിൽപനശാലകൾ തുടങ്ങുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എൻഒസി വേണമെന്ന നിയമപരമായ നിബന്ധന മറികടക്കുന്നതിനുള്ള ഓർഡിനൻസ് സർക്കാർ പുറത്തിറക്കി. ഓർഡിനൻസിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം ഒപ്പുവച്ചു.

എക്സൈസ് വകുപ്പിന്‍റെ ലൈസൻസിന്‍റെ മാത്രം അടിസ്ഥാനത്തിൽ പുതിയ മദ്യശാലകൾ തുറക്കാനും നിലവിലുള്ളവ മാറ്റിസ്ഥാപിക്കാനുമായി പഞ്ചായത്ത് രാജ് നഗരപാലിക ആക്ട് ഭേദഗതി ചെയ്താണ് ഓർഡിനൻസ് പുറത്തിറക്കിയിരിക്കുന്നത്.

സംസ്ഥാനത്താകെ ഒരേ തരത്തിൽ അബ്കാരി നയം നടപ്പാക്കുന്നതിനും നിലവിലുളള ലൈസൻസികളും പുതിയ അപേക്ഷകരും തമ്മിലുളള വിവേചനം അവസാനിപ്പിക്കുന്നതിനും നഗരപാലികാ ആക്ടിലെ 447-ാം വകുപ്പും പഞ്ചായത്ത് രാജ് ആക്ടിലെ 232ാം വകുപ്പും ഭേദഗതി ചെയ്യണമെന്നു നിർദേശിച്ചുകൊണ്ട് എക്സൈസ് മന്ത്രി കൊണ്ടുവന്ന നിർദേശം കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു.

പുതിയ ഓർഡിനൻസ് പുറത്തിറങ്ങിയതോടെ മദ്യശാലകളുടെ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം ഇല്ലാതായി. പുതിയ ബാറുകൾ തുറക്കുന്നതിനും ബാറുകളും ബിവറേജസ് കോർപറേഷന്‍റെ മദ്യവിൽപന ശാലകളും മാറ്റി സ്ഥാപിക്കാനും ഇനി എക്സൈസ് വകുപ്പിന്‍റെ അനുമതി മാത്രം മതിയാകും. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്താണു മദ്യശാലകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സമ്മതപത്രം നിർബന്ധമാക്കിയത്.