എരുമേലി : വൈരവും വിദ്വേഷവും ജനിച്ചിട്ടില്ലാത്ത നാടായി എരുമേലി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍. പാപമോചനത്തിന്റെ പുണ്യം തേടി നന്മതിന്മകളുടെ കെട്ടുകള്‍ നിറച്ച ഇരുമുടികളുമായി കല്ലും മുള്ളും താണ്ടുന്ന ശബരിമലയിലേയ്ക്കുള്ള ദുരിത യാത്രയില്‍ അഭയസ്ഥാനമാകുന്നത് മുസ്ലീംപള്ളി. അവിടെ കളഭവും ചന്ദനവും നെഞ്ചോട് ചേര്‍ത്ത് പ്രപഞ്ചനാഥനെ വണങ്ങി നന്മകളുടെ പ്രതിഫലം നേടാനായി യാത്രതുടരുന്നു. vavar-copy
അധര്‍മ്മത്തിനെ തുരത്തി ധര്‍മ്മം പുനസ്ഥാപിക്കുവാന്‍ മഹിഷീനിഗ്രഹം നടത്തിയ സ്മരണയില്‍ പേട്ടതുള്ളി എരുമേലിയിലൂടെ നീങ്ങുന്ന ഓരോ അയ്യപ്പഭക്തനും മടങ്ങുന്നത് ഹൃദയം നിറയെ മതേതരത്വത്തിന്റെ സ്‌നേഹവുമായാണ്. എരുമേലി മുസ്ലീം പള്ളി വലംവച്ച് ശബരിമലയിലേയ്ക്ക് യാത്രയാകുമ്പോള്‍ മനസ്സില്‍ നിറയുന്നത് സൗഹാര്‍ദ്ദത്തിന്റെ ഒരിക്കലും മറക്കാനാകാത്ത സ്‌നേഹം. vavar-main-copy
എരുമേലിയില്‍ ഉടനീളം വിവിധ മതസ്ഥരുടെ വീടുകളിലെല്ലാം അതിഥികളാണ് അയ്യപ്പഭക്തര്‍. കാലങ്ങളായുള്ള ഈ പതിവ് ഇന്നും ഉടയാതെ ഭംഗിയോടെ തുടരുന്നു. വൃശ്ചികം ആരംഭിക്കുന്നതോടെ നാട്ടിലെ പറമ്പുകള്‍ വൃത്തിയാക്കി അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാനുള്ള താവളങ്ങളാക്കി മാറ്റുകയാണ് നാട്ടുകാര്‍. അവിടെ കിടന്നുറങ്ങി ഭക്ഷണം പാകം ചെയ്ത് വിശേഷങ്ങള്‍ പങ്കിട്ട് മലകയറുന്നവര്‍ ഓരോ വര്‍ഷവും പതിവ് തെറ്റാതെ അതേ വീടുകളില്‍ അതിഥികളായി വീണ്ടും എത്തിക്കൊണ്ടേയിരിക്കുന്നു.

രാജ്യത്ത് കലാപങ്ങള്‍ നടക്കുമ്പോള്‍ അത് മതത്തിന്റെ പേരിലാണെങ്കില്‍ എരുമേലിയിലേയ്ക്ക് ഒരിക്കല്‍ വന്നാല്‍ മാറ്റിചിന്തിക്കേണ്ടിവരുന്ന നന്മയുടെ തിരിച്ചറിവാകുന്ന കാഴ്ചയാണ് ഓരോ ശബരിമല സീസണിലും ദൃശ്യമാകുന്നത്. മുസ്ലീം പള്ളിയില്‍ നിന്നും പുറപ്പെടുന്ന ചന്ദനക്കുട ഘോഷയാത്രയെ സ്വീകരിക്കുന്ന ക്രൈസ്തവ സഹോദരങ്ങളും, പുര്‍ണ്ണ കുംഭങ്ങള്‍ നല്‍കി ക്ഷേത്രങ്ങളില്‍ എതിരേല്‍ക്കുന്നതും എരുമേലിയുടെ സ്വന്തം കാഴ്ചയാണ്. എല്ലാവരും ഒന്നാണെന്ന സന്ദേശമായി എരുമേലി ഓരോ ശബരിമല തീര്‍ത്ഥാടനകാലത്തും മാതൃകയുടെ കാഴ്ച പകര്‍ന്നുകൊണ്ടിരിക്കുന്നു.lab