കാഞ്ഞിരപ്പള്ളി: മറിയത്തിന്റെ വിമലഹൃദയത്തിലേക്ക് നമ്മൾ ഓരോരുത്തരെയും ലോകത്തെയും സമർപ്പിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. ഫാത്തിമയില്‍ പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തില്‍ ഫാത്തിമയില്‍ നിന്നു കൊണ്ടുവന്ന പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഫാത്തിമ മാതാ സന്ദേശയാത്രക്കു നൽകിയ സ്വീകരണത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മാർ അറയ്ക്കൽ.
ഓരോ ദിവസവും ജപമാല ചൊല്ലി പ്രാർഥിക്കണമെന്നും ഫാത്തിമായിലെ മാതാവിന്റെ സന്ദേശം ഓരോരുത്തരും സ്വീകരിക്കണമെന്നും മാർ അറയ്ക്കൽ കൂട്ടിച്ചേർത്തു. സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ വിമല ഹൃദയ പ്രതിഷ്ഠ ചൊല്ലി ഇടവകയെയും രൂപതയെയും മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിച്ചു. ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ ഇടവകയും രൂപത കരിസ്മാറ്റിക് നവീകരണ വിഭാഗവും നേതൃത്വം നൽകി.
ഫാത്തിമ സന്ദേശ യാത്രയെ സ്വീകരിക്കുവാൻ വിവിധ സ്ഥലങ്ങളിൽ ആയിരങ്ങളാണ് എത്തിച്ചേർന്നത്. സന്ദേശയാത്ര ഇന്ന് രാവിലെ 6.30ന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി, 10ന് എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളി, 1.30ന് കണ്ണംപള്ളി സെന്റ് മേരീസ് പള്ളി എന്നിവിടങ്ങളില്‍ എത്തും.
എരുമേലി ആവേമരിയായുടെ ആഭിമുഖ്യത്തില്‍ ഇന്ന് എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ ഏകദിന കണ്വന്ഷന് നടക്കും. രാവിലെ 9.30ന് ഫാത്തിമ മാതാവിന്റെ തിരുസ്വരൂപ സ്വീകരണവും തുടർന്ന് അഖണ്ഡ ജപമാലയും. സമൂഹബലിയോടെ ഉച്ചയ്ക്ക് ഒന്നിന് ശുശ്രൂഷകൾ സമാപിക്കും. സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. .