എരുമേലി : പേപ്പട്ടിയുടെ കടിയേറ്റ് ഒരു പശു ചത്തതിന് പിന്നാലെ വീണ്ടും അടുത്ത പശുവും ചത്തു. ഉപജീവനമായി രണ്ട് പശുക്കള്‍ മാത്രമുള്ള കുടുംബം ഇതോടെ കടുത്ത ദുരിത്തിലായി. കരിംങ്കല്ലുമൂഴി മേപ്പുറത്ത് സുധീറിന്റെ പശുക്കളാണ് പേവിഷബാധയുള്ള നായയുടെ കടിയേറ്റ് ചത്തത്. എട്ട് മാസം മുമ്പാണ് ആദ്യ പശു കടിയേറ്റ് നായയുടെ കടിയേറ്റ് ചത്തത്.

കഴിഞ്ഞ അഞ്ചിനാണ് രണ്ടാമത്തെ പശുവിനെ നായ കടിച്ചത്. പശുവിനെ നായയില്‍ നിന്നും രക്ഷിക്കാനായി വലിയ കല്ല് എറിഞ്ഞെങ്കിലും നായ കടിവിട്ട് മാറിയില്ല. പശുവിന്റെ കഴുത്തില്‍ കടിച്ചുപിടിച്ച നായയെ സുധീറും അയല്‍വാസികളും ചേര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് ഓടിച്ചത്. തുടര്‍ന്ന് എരുമേലി മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജ്ജന്‍ ഡോ അനില്‍കുമാര്‍ പശുവിനെ പരിശോധിക്കുകയും പേവിഷബാധയുള്ള നായയാണ് കടിച്ചതെന്ന് സ്ഥിതീകരിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കുത്തിവയ്പ്പും മരുന്നും നല്‍കി വരുന്നതിനിടെയാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശു ഇന്നലെ രാവിലെ ചത്തത്. ആകെ അഞ്ച് സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള സുധീറും കുടുംബവും ചത്ത പശുവിന്റെ ജഡം കനകപ്പലത്ത് വനം വകുപ്പിന്റെ സ്ഥലത്ത് മറവു ചെയ്യുകയായിരുന്നു. ദിവസം 15 ലീറ്ററോളം പാല് ലഭിച്ചിരുന്ന ചെനയുള്ള പശുവാണ് ചത്തത്. പേവിഷബാധയുള്ള നായയെ കണ്ടെത്തി എത്രയും വേഗം പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.