സൌദിയില്‍ പൊതുമാപ്പ് ആനുകൂല്യത്തില്‍ എക്സിറ്റ് നേടിയിട്ടും രാജ്യം വിടാതെ കഴിയുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും. എക്സിറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് തൊഴിലെടുക്കാനോ ഉംറ യാത്രക്കോ അനുമതിയില്ലെന്ന് പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. നിയമ ലംഘകര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് പാസ്പോര്‍ട്ട് വിഭാഗത്തിന്റെ നിര്‍ദ്ദേശം.

അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തി എക്സിറ്റ് നേടിയവര്‍ തൊഴിലെടുക്കുന്നതിനോ ഉംറ നിര്‍വ്വഹിക്കുന്നതിനോ അനുമതിയില്ല. രേഖകള്‍ പൂര്‍ത്തീകരിച്ച് രാജ്യത്ത് തങ്ങുന്നവര്‍ പിടിക്കപ്പെട്ടാല്‍ പിഴയും തടവും അനുഭവിക്കേണ്ടിവരും. കാലാവധി കഴിയുന്നവരെ വിരലടയാളം രേഖപ്പെടുത്തി രാജ്യത്തേക്ക് തിരിച്ചുവരാന്‍ കഴിയാത്ത രീതിയിലാണ് നാടുകടത്തുകയെന്നും പാസ്പോര്‍ട്ട് വിഭാഗം മീഡിയ റിലേഷന്‍സ് മാനേജര്‍ കേണല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഅദ് മീഡിയവണിനോട് പറഞ്ഞു. എക്സിറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ഉംറ നിര്‍വ്വഹിക്കുന്നതിന് പുറപ്പെട്ട ഇന്ത്യക്കാരുള്‍പ്പെടെ വിദേശികള്‍ പിടിക്കപ്പെട്ടതായി കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. ഇത്തരം പ്രവൃത്തികളില്‍ നിന്ന് ഇന്ത്യക്കാര്‍ വിട്ടു നില്‍ക്കണമെന്ന് അംബാസഡര്‍ അഹ്മദ് ജാവേദ് ആവശ്യപ്പെട്ടു. എക്സിറ്റ് നേടിയിട്ടും രാജ്യം വിടാത്തവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പരിശോധന ഊര്‍ജ്ജിതമാകുമെന്നാണ് സൂചന.