കാഞ്ഞിരപ്പള്ളി മലയോര മേഖലയിലെ പാതയോരങ്ങളിലെ മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. മരം വാഹനങ്ങള്‍ക്കുമേല്‍ വീണ് അപകടങ്ങളുണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായി. മഴക്കാലമായതോടെ ഇലഭാരം കൂടുകയും ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നതുംമൂലം മരങ്ങള്‍ ഒടിയാനും കടപുഴകാ നുമുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച്ച രാത്രി ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് മുകളില്‍ പുളിമരം വീണ് ഉടമയ്ക്ക് പരുക്കേറ്റു. 
ഡ്രൈവര്‍ പുറത്തിറങ്ങി മിനിറ്റുകള്‍ക്കുള്ളിലാണ് അപകടം നടന്നത്. ഏതാനും മാസം മുമ്പ് ഹര്‍ത്താല്‍ ദിനത്തില്‍ ടൗണില്‍ ബിഎസ്എന്‍എല്‍ ഓഫിസിന് സമീപത്ത് നിന്ന മരം ഒടിഞ്ഞ് റോഡിലേക്ക് വീണു. ഹര്‍ത്താല്‍ ദിവസമായിരുന്നതിനാലും വാഹനങ്ങള്‍ കുറ വായിരുന്നതിനാലും അപകടം ഒഴിവായി. ഇതിനു മുമ്പ് 26-ാം മൈല്‍ ജംക്ഷന് സമീപം ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വാകമരം ഒടിഞ്ഞു വീണ് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരിയായിരുന്ന മുന്‍ അധ്യാപികയ്ക്കും ഗുരുതര പരുക്കേറ്റിരുന്നു. 
മണിമല റോഡില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണുണ്ടായ അപകട ത്തില്‍നിന്നു കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. പാതയോരങ്ങളില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ റോഡിലേക്ക് ചാഞ്ഞാണ് നില്‍ക്കുന്നത്. ശക്തമായ കാറ്റും മഴ യും ഇവ നിലംപതിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ദിവസേന നൂറുകണക്കിന് വാ ഹനങ്ങള്‍ കടന്നുപോകുന്ന ദേശീയ പാതയോരങ്ങളില്‍ അപകടഭീഷണി ഉയര്‍ത്തി നില്‍ ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായി.

കാലപ്പഴക്കം എത്തിയ മരങ്ങളും മരങ്ങളിലുണ്ടാകുന്ന കേടുകളും മഴക്കാലത്ത് മരങ്ങ ളുടെ ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നതും മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീഴു ന്നതിന് കാരണമാകുന്നു. കാഞ്ഞിരപ്പള്ളി- എരുമേലി റോഡരികിലും പുരയിടങ്ങളിലും മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നതും അപകട ഭീഷണിയായിരിക്കുകയാണ്. ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ കടന്നുപോകുന്ന പാതയോരത്തെ അപകടമരങ്ങള്‍ മുറിച്ചു നീക്കണമെന്ന് മുമ്പും ആവശ്യം ഉയര്‍ന്നിരുന്നു.