കാഞ്ഞിരപ്പള്ളി ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പകല്‍ വീടുകള്‍ രണ്ടു വര്‍ഷമായിട്ടും ഉപയോഗ യോഗ്യമാക്കാന്‍ കഴിയാതെ നശിക്കുന്നു. വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തീകരിക്കാത്തതും, വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതുമാണ് പകല്‍ വീടുകള്‍ ഉപയോഗ പ്രദമാക്കാന്‍ കഴിയാതെ വന്നിരിക്കുന്നത്.ചിറക്കടവ് പഞ്ചായത്തില്‍ മണ്ണംപ്‌ളാവിന് സമീപം ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച പകല്‍ വീടും, എലിക്കുളം പഞ്ചായത്തില്‍ വഞ്ചിമലയില്‍ നിര്‍മ്മിച്ച പകല്‍വീടുമാണ് രണ്ടു വര്‍ഷമായിട്ടും പ്രവര്‍ത്തന യോഗ്യമല്ലാതായിരിക്കുന്നത്.

മണ്ണംപ്‌ളാവില്‍ രണ്ടു നിലകളുള്ള കെട്ടിടമാണ് പകല്‍വീടിനായി നിര്‍മ്മിച്ചത്. വൈദ്യുതി ഇതു വരെ ലഭിച്ചിട്ടില്ല. ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചുറ്റുമതിലും നിര്‍മ്മിച്ചു.ജില്ലാ പഞ്ചായത്ത് 21 ലക്ഷം രൂപ മുടക്കി വഞ്ചിമലയില്‍ പകല്‍വീടിനും പബ്ലിക്ക് ലൈബ്രറിക്കുമായാണ് മൂന്നു നില കെട്ടിടം നിര്‍മ്മിച്ചത്. ഒരു നില തറ നിരപ്പിനടിയിലും രണ്ടു നിലകള്‍ മുകളിലുമായാണ് വഞ്ചിമലയില്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഒരു ലക്ഷം രൂപയുടെ ഫര്‍ണ്ണിച്ചറുകള്‍ പകല്‍വീടിന് വേണ്ടിയും, ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപയുടെ ഫര്‍ണ്ണിച്ചറുകള്‍ ലൈബ്രറിക്കു വേണ്ടിയും നല്‍കി.

എന്നാല്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് മുന്നോടിയായുള്ള വയറിങ് ജോലികള്‍ ഇതുവരെ നടത്തിയിട്ടില്ല. വയറിങ് ജോലികള്‍ക്ക് ടെന്‍ഡല്‍ നല്‍കിയതാണെന്നും കരാറുകാര്‍ ഇതു വരെ വയറിങ് ജോലികള്‍ തുടങ്ങിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.

വഞ്ചിമല പബ്ലിക്ക് ലൈബ്രറി, പകല്‍വീട് എന്നിവയുടെ ഉദ്ഘാടനം 2015 സെപ്റ്റംബര്‍ ഒന്നിനാണ് നടത്തിയത്. വഞ്ചിമല പബ്ലിക്ക് ലൈബ്രറി നിലവില്‍ പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പകല്‍ വീടുകള്‍ ഉപയോഗയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി.