പാലാ: നിറയെ യാത്രക്കാരുമായി വന്ന സ്വകാര്യബസ് പാടത്തേക്കു ചെരിഞ്ഞു, യാത്രക്കാർക്കു നിസാര പരിക്കേറ്റു. ഇന്നലെ രാത്രി 7.45 ഓടെ പാലാ-കോഴാ റൂട്ടിൽ വള്ളിച്ചിറയിലാണ് അപകടം നടന്നത്.
എറണാകുളം-തേക്കടി റൂട്ടിൽ സർവീസ് നടത്തുന്ന റോബിൻ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബസ് പാടത്തേക്കു ചെരിഞ്ഞെങ്കിലും വൈദ്യുതപോസ്റ്റിൽ തട്ടിനിന്നതിനാൽ പൂർണമായി മറിഞ്ഞില്ല. വൈദ്യുതിലൈൻ പൊട്ടാതിരുന്നതിനാലും ബസ് പൂർണമായും മറിയാതിരുന്നതിനാലും വൻ അപകടം ഒഴിവായി.
നാലു പേരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂഞ്ഞാർ പുത്തൻപുരയ്ക്കൽ ഫിലോമിന (50), ഇവരുടെ ബന്ധുക്കളായ പൊന്നുക്കുട്ടൻ (70), ശ്രുതി (21) എന്നിവരെയും പാലാ സ്വദേശി ജോസഫ് മാനുവലിനെ(50) യുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫയർഫോഴ്സിന്റെ വാഹനത്തിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എതിരേവന്ന ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ബസ് നിയന്ത്രണംവിട്ടതെന്നു പരിക്കേറ്റവർ പറഞ്ഞു. അപകടത്തെത്തുടർന്നു ബസിൽനിന്നു കൂട്ടനിലവിളി ഉയർന്നു. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി യാത്രക്കാരെ ബസിൽനിന്നു പുറത്തെത്തിച്ചു. പാലായിൽനിന്നു പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.