പത്തു വർഷത്തിനുള്ളിൽ ജില്ലയിൽ നാടോടികൾ നടത്തിയ മോഷണക്കേസുകളിൽ ശിക്ഷ ഉറപ്പാക്കാനായത് വിരലിലെണ്ണാവുന്നതിനു മാത്രം. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇരുന്നൂറിൽപ്പരം മോഷണക്കേസുകളിലാണ് നാടോടികൾ പ്രതികളായുള്ളത്. ജില്ലാ പോലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ കണക്കനുസരിച്ച് തമിഴ് തിരുട്ടുഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഏറെപ്പേരും. ഒരാൾക്കു പോലും കൃത്യമായ വിലാസമില്ല. നൽകുന്ന വിലാസങ്ങങ്ങളാകട്ടെ വ്യാജവും.
ഈ സാഹചര്യത്തിൽ വിചാരണ നടത്താൻ പറ്റാതെ 120 കേസുകളാണ് ജില്ലയിലെ വിവിധ കോടതികളിൽ ഇഴയുന്നത്. അഞ്ചു തവണ വാറന്റ് പുറപ്പെടുവിച്ച കേസുകളും ഇതിൽപ്പെടും. പ്രതികളെ കണ്ടു കിട്ടാനാകാതെ വന്നു കേസ് ഉപേക്ഷിച്ച സാഹചര്യവുമുണ്ട്. കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, ഏറ്റുമാനൂർ,കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, കറുകച്ചാൽ, പാലാ,പാന്പാടി സ്റ്റേഷനുകളിലാണ് നാടോടി മോഷണക്കേസുകൾ ഏറെയും. പത്തു തവണ വിവിധയിടങ്ങളിൽ ആഭരണങ്ങളും പണവും കവർന്നവരും പ്രതിപ്പട്ടികയിലുണ്ട്. ഭാര്യയും ഭർത്താവും സഹോദരങ്ങളുമൊക്കെ ചേരുന്നതാണ് തിരുട്ടുഗ്രാമങ്ങളിൽ നിന്നെത്തുന്ന പ്രഫഷണൽ സംഘം.
മോഷണക്കേസുകളിൽ ഇവരെ ജാമ്യത്തിലിറക്കാൻ വേഗത്തിൽ മുന്നോട്ടുവരുന്ന അഭിഭാഷകരുമുണ്ട്. സബ് ജയിലുകളിൽ നിന്ന് ജാമ്യത്തിലിറങ്ങുന്ന പ്രതികൾ പിന്നീട് മറ്റേതെങ്കിലും പ്രദേശങ്ങളിലേക്ക് നീങ്ങുന്നതോടെ ഇവരെ കണ്ടെത്തുക നടപടിയുള്ള കാര്യമല്ല. കേസുകളുടെ ബാഹുല്യം മൂലം കോടതികളിൽ രണ്ടും മൂന്നു വർഷങ്ങൾക്കു ശേഷമാണ് വിചാരണ തുടങ്ങുക. പ്രതിയെ ഹാജരാക്കാൻ കോടതി ആവശ്യപ്പെടുന്പോൾ പ്രതി ഒളിവിലാണെന്ന മറുപടി മാത്രമേ പോലീസിന് പറയാനുണ്ടാകു. പിടികൂടുന്പോൾ തൊണ്ടിമുതൽ തിരിച്ചുകിട്ടുന്ന സാഹചര്യത്തിൽ ഏറെപ്പേരും കേസ് നടപടികൾ വേണ്ടെന്ന നിലപാട് സ്വീ കരിക്കാറുണ്ടെന്നു പോലീസ് പറഞ്ഞു.
ജാമ്യത്തിൽ പോയാൽ പ്രതിയെ തിരികെ കണ്ടെത്താനാവില്ലെന്ന സാഹചര്യത്തിൽ നഷ്ടപ്പെട്ട മുതലുമായി ഉടമകൾ രക്ഷപ്പെടുകയാണ് പതിവ്. പ്രതികൾ നാടോടി സ്ത്രീകളാണെങ്കിൽ വനിതാ പോലീസിനുണ്ടാകുന്ന ദുരിതവും ചില്ലറയല്ല. കേസുകളിൽ സാക്ഷികളെ കിട്ടാനില്ലാതെ വരുന്നതും നടപടികളെ ബാധിക്കാറുണ്ട്. |