കാഞ്ഞിരപ്പള്ളി:ഒരുകുടുംബത്തിലെ നാലു പേര് ഉള്‍പ്പടെ അഞ്ചു പേരെ ഒരുമിച്ച് യാത്രയാക്കുമ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ ഒഴുകിയത് കണ്ണീര് പുഴയായിരുന്നു. കട്ടപ്പന പുഷ്പഗിരിയില്‍ വെള്ളിയാഴ്ച ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
നാലു കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ട കൊച്ചുപറമ്പില്‍ വീട് സങ്കട കടലായി കാഞ്ഞിരപ്പള്ളി കൊച്ചുപറമ്പില്‍ മാത്യുവിന്റെ ഭാര്യ അച്ചാമ്മ (72), മകന് ഷാജു (45), മകള്‍ ജെയ്ന്‍ (33), ഷാജുവിന്റെ മകന് ഇവാന് (ഒന്നര) എന്നിവരും ,ഇവര്‍ സഞ്ചരിച്ചുന്ന വാനിന്റെ ഡ്രൈവര്‍ മണ്ണാറക്കയം നെടുംപ്ലാക്കില്‍ ടിജോ (22) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഒന്നൊന്നായി കൊച്ചുപറമ്പില്‍ വീട്ടിലേക്കെത്തിക്കുമ്പോള്‍ ബന്ധുക്കളും നാട്ടുകാരും ദുഖം സഹിക്കാന്‍ കഴിയാതെ വിതുമ്പി . വിടരും മുമ്പേ കൊഴിഞ്ഞ ഒന്നര വയസുകാരന് ഇവാന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ദുഖം അണപൊട്ടിയൊഴുകി.വിതുമ്പലുകള്‍ അലമുറയായി.
രാവിലെ മുതല്‍ ആയിരങ്ങളാണ് പ്രിയപ്പെട്ടവരെ ഒരുനോക്ക് കാണുവാന്‍ വീടുകളിലെത്തിയത്. രാവിലെ 10 മണിയോടെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മാര്ട്ടതിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്കി. അപകടത്തില്‍ മരിച്ച ഡ്രൈവര്‍ കാഞ്ഞിരപ്പള്ളി മണ്ണാര്‍ക്കയം സ്വദേശി നെടുംപ്ലാക്കില്‍ ടിജോയുടെ മൃതദേഹമാണ് ആദ്യം പോസ്റ്റുമാര്‍ട്ടം ശേഷം ആദ്യം വിട്ട് നല്‍കിയത്. കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ ജംക്ഷനിലെ ടാക്സി സ്റ്റാന്റില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷമാണ് മൃതദേഹം മണ്ണാറക്കയത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയത്. ടിജോയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു.
അപകടത്തില്‍ പരുക്കേറ്റ ബിജു, ഷാജുവിന്റെ ഭാര്യ റിന്‍സി മക്കളായ ക്രിസ്റ്റോ, കെവിന്, കെല്‍വിന്‍ എന്നിവരും ആശുപത്രിയില്‍ നിന്നും പ്രിയപ്പെട്ടവരെ യാത്രയാക്കാന്‍ എത്തിയിരുന്നു. ഇന്നലെ വരെ ഒപ്പമുണ്ടായിരുന്നവര്‍ വിട്ടുപിരഞ്ഞതിന്റെ വേദനയില്‍ ഇവരുടെ കരച്ചില് കരളലയിപ്പിക്കുന്ന കാഴ്ച്ചയായി. ഇരു വീടുകളിലെയും ശുശ്രൂഷകള്‍ക്ക് ശേഷം വൈകിട്ട് അഞ്ചുമണിയോടെ മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രലില്‍ എത്തിച്ചു. തുടര്‍ന്ന് രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സംസ്കാരം നടത്തി.
ആന്റോ ആന്റണി എം. പി, ജോസ്.കെ. മാണി എം.പി, ഡോ.എന്‍. ജയരാജ് എം. എല്‍. എ, മുന്‍ എം.എല്‍.എ. കെ. ജെ. തോമസ്,ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വീട്ടിലെത്തി പ്രാര്‍ഥനാ ശുശ്രൂഷകള്‍ അര്‍പ്പിച്ചു.
കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ വച്ച് മരിച്ചവരുടെ കണ്ണുകള്‍ ദാനം ചെയ്യുന്നതിന് ബന്ധുക്കള്‍ തയ്യാറായി. വിവിധ സ്ഥലങ്ങളിലുള്ള എട്ടു പേര്‍ക്കാണ് ഇവരുടെ കണ്ണുകള്‍ പ്രകാശമാകുന്നത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നുമെത്തിയ വിദഗ്ദ സംഘം കണ്ണുകള്‍ സ്വീകരിച്ചു.