തെങ്ങ് കടപുഴകി വീണത് യാത്രക്കാരുമായെത്തിയ സ്വകാര്യ ബസിലേക്ക് : വൻ അപകടം ഒഴിവായി
എരുമേലി : കനത്ത മഴയിൽ റോഡരികിലെ മൺതിട്ട ഇടിഞ്ഞതിനൊപ്പം തെങ്ങ് കടപു ഴകി മറിഞ്ഞുവീഴുമ്പോൾ അതുവഴി യാത്രക്കാരുമായി സ്വകാര്യബസ് കടന്നുപോവു കയായിരുന്നു. പെട്ടന്ന് ഡ്രൈവർ ബസ് വെട്ടിച്ചെങ്കിലുംബസിൻറ്റെ മുന്നിലേക്ക് തെങ്ങ് വീണുകഴിഞ്ഞിരുന്നു. ഒരു നിമിഷം മുമ്പെയായിരുന്നെങ്കിൽ തെങ്ങ് പതിക്കുക ബസി ൻറ്റെ മുകളിലേക്കായിരുന്നു.
അപകടത്തിൻറ്റെ നടുവിൽ മരണത്തിൻറ്റെ വക്കിലെത്തി ഭീതിയിലായി നിലവിളിച്ച യാത്രക്കാരും ബസ് ജീവനക്കാരും ഒരു പോറൽ പോലുമേൽക്കാതെ ഭാഗ്യത്തിൻറ്റെ തുണയിൽ രക്ഷപെട്ടു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ എരുമേലി – റാന്നി സംസ്ഥാന പാതയിലെ മറ്റന്നൂർക്കരക്കടുത്ത് സെൻറ്റ് ജോർജ് മലങ്കര കത്തോലിക്ക പളളിയുടെ സമീപത്തെ വളവിലാണ് സംഭവം.
റാന്നിയിലേക്ക് പോവുകയായിരുന്ന ധന്യ ബസാണ് അപകടത്തിൽപെട്ടത്. ബസ് വെട്ടിച്ചുമാറ്റുന്നതിനിടെ മുൻഭാഗത്തെ ഒരു ടയർ തെങ്ങിൻറ്റെ തടിയിലൂടെ കയറി ഇറങ്ങിയിരുന്നു. ഇതേ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലെ കയ്യാലയി ലേക്ക് പാഞ്ഞപ്പോൾ പെട്ടെന്ന് ഡ്രൈവർ ബ്രേക്കിട്ട് സുരക്ഷിതമാക്കി നിർത്തുകയാ യിരുന്നു.
റോഡിന് കുറുകെ ബസിന് അടിയിലായി വീണ് കിടന്ന തെങ്ങ് മുറിച്ചുമാറ്റാൻ കനത്ത മഴ മൂലം കഴിയാതെ വന്നതോടെ ഗതാഗതം സ്തംഭിച്ചു. ഇത് കണ്ട് നിന്ന നാട്ടുകാരായ മേപ്പുറത്ത് സുധീറും പിതാവ് കാസിമും ചേർന്നാണ് മഴ നനഞ്ഞ് നിന്ന് തടി മുറിച്ചു നീക്കി ഗതാഗത തടസം മാറ്റിയത്.