കൂട്ടിക്കല്‍: മര്‍ഫി സായിപ്പിന്റെ ശവകുടീരത്തില്‍ മെഴുകുതിരികൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയും കുരുന്നുകള്‍ ജന്മദിനത്തില്‍ ആദരവ് പ്രകടിപ്പിച്ചു. കേരളത്തില്‍ റബര്‍ കൃഷിക്ക് തുടക്കം കുറിച്ച അയര്‍ലന്‍ഡുകാരനായ ജോണ്‍ ജോസഫ് മര്‍ഫിയുടെ 114–ാംജന്മദിനത്തിന്റെ ഭാഗമായാണ് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥികള്‍ ശവകുടീരത്തില്‍ എത്തിയത്. ഹെഡ്മാസ്റ്റര്‍ ജോര്‍ജ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ജെജെ മര്‍ഫിയും റബര്‍ കൃഷിയും എന്ന പേരില്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു.

കാലം എത്രകടന്നാലും ജോണ്‍ ജോസഫ് മര്‍ഫിയെന്ന മര്‍ഫി സായിപ്പിനെ മറക്കാന്‍ മലയാളക്കരയ്ക്കാവില്ല. സായിപ്പിനെപ്പറ്റി പറയുമ്പോള്‍ മുണ്ടക്കയംകാര്‍ക്ക് ആയിരം നാവാണ്. 1872 ഓഗസ്റ്റ് ഒന്നിന് അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ജോണ്‍ മര്‍ഫി-ആന്‍ബ്രയാന്‍ ദമ്പതികളുടെ മകനായി ജനിച്ച മര്‍ഫി സായിപ്പാണ് ഇന്ത്യയില്‍ ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില്‍ റബര്‍കൃഷി ചെയ്തത്. 1904ല്‍ മുണ്ടക്കയത്തിനടുത്ത് ഏന്തയാറ്റിലായിരുന്നു അത്. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഏന്തയാര്‍, ഇളങ്കാട്, കൂട്ടിക്കല്‍, പാറത്തോട് എന്നീ മേഖലയിലെ ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളുടെയും തുടക്കം ഈ ഇംഗീഷുകാരനില്‍ നിന്നുമായിരുന്നു.