കാഞ്ഞിരപ്പള്ളി:ചിറ്റാര്‍ പുഴയിലെ ചെക്ക് ഡാമുകളില്‍ കെട്ടികിടക്കുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങള്‍. വേനലില്‍ ചിറ്റാര്‍ പുഴയില്‍ നിറഞ്ഞ മാലിന്യങ്ങള്‍ മഴക്കാലമായതോടെ ഒഴുകിയെത്തി തടയണകളില്‍ അടിയുകയാണ്. തുണികളും ഖരമാലിന്യങ്ങളും തടയണകളുടെ അടിത്തട്ടിലും, പ്ളാസ്റ്റിക് ,സ്പോഞ്ച് ഉള്‍പ്പടെ കനം കുറഞ്ഞ മാലിന്യങ്ങള്‍ വെള്ളത്തിന് മീതെയും കെട്ടികിടക്കുകയാണ്.ചിറ്റാര്‍ പുഴ ടൗണില്‍ നിന്നും ഒഴുകിയെത്തുമ്പോഴുള്ള ആദ്യ തടയണായ അഞ്ചിലിപ്പ തടയണയിലാണ് കൂടുതല്‍ മാലിന്യങ്ങള്‍ അടിഞ്ഞിരിക്കുന്നത്. മഴ കനത്ത് ഒഴുക്ക് ശക്തമായി തടയണയ്ക്ക് മീതെ വെള്ളം ഒഴുകിയാല്‍ ഇവ ഒഴുകിയെത്തുന്നത് മണിമലയാറ്റിലേക്കാണ്.പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ സ്പോഞ്ചുകളുമാണ് അഞ്ചിലിപ്പയിലെ തടയണയുടെ ഭാഗത്ത് അടിഞ്ഞിരിക്കുന്നത്. ചിറ്റാര്‍ പുഴയെ മാലിന്യ വിമുക്തമാക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും നടപടികളൊന്നുമുണ്ടാകുന്നില്ല.
പുഴ വൃത്തിയാക്കാന്‍ പല കാമ്പയിനുകള്‍ക്കും തുടക്കമിട്ട സംഘടനകളും ഇതു കണ്ടില്ലെന്നു നടിക്കുന്നു. കുളിക്കാനും മറ്റുമായി നൂറുകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന പുഴയാണ് മഴക്കാലത്ത് പോലും ശുചിയാക്കാന്‍ കഴിയാതെ കിടക്കുന്നത്. അഞ്ചിലിപ്പയിലെ കുളിക്കടവിനോട് ചേര്‍ന്നുള്ള ഭാഗത്താണ് മാലിന്യം കെട്ടികിടക്കുന്നത്. വിവിധ കുടിവെള്ള പദ്ധതികളും വെള്ളം ശേഖരിക്കുന്നത് ചിറ്റാര്‍ പുഴയില്‍ നിന്നാണ്. പുഴ വ്യത്തിയാക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും അധികൃതര്‍ അനങ്ങുന്നില്ലെന്ന് ആരോപണമുണ്ട്.
താലൂക്ക് വികസന സമിതിയില്‍ ഉള്‍പ്പടെ ചിറ്റാര്‍ പുഴയെ സംരംക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടും ഫലമുണ്ടായില്ല.
മുന്ന് വര്‍ഷം മുന്‍പ് ചിറ്റര്‍ പുഴയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയിരുന്നു. ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യം ചിറ്റാര്‍ പുഴയിലേക്ക് തള്ളുന്നത് തടയണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോഴും പുഴയുടെ അരികിലുള്ള കെട്ടിടങ്ങളിലെ മാലിന്യ കുഴലുകള്‍ പുഴയിലേക്കാണ് സ്ഥാപിച്ചിരിക്കുന്നത്. മാലിന്യം തള്ളുന്ന ഭാഗങ്ങലില്‍ സംരക്ഷണ വേലി നിര്‍മ്മിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി പേട്ടക്കവല ഭാഗത്ത് പുഴയരുകില്‍ സംരക്ഷണ വേലി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് ദീര്‍ഘിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കിയില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.