എരുമേലി : ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ചുകൊണ്ടുപോയി ഇരുമ്പുവടിക്ക് കയ്യും കാലും തല്ലിയൊടിച്ച ഗുണ്ടകളെ പോലീസ് തന്ത്രപൂര്‍വ്വം പിടികൂടി. മണിമല സിഐ റ്റി.ഡി. സുനില്‍കുമാറിന് ലഭിച്ച രഹസ്യ ഫോണ്‍ സന്ദേശമാണ് ക്വട്ടേഷന്‍ ഗുണ്ടാ ആ ക്രമണം നടത്തിയ സംഘത്തെ പിടികൂടുന്നതില്‍ കലാശിച്ചത്.

മാടപ്പള്ളി വില്ലേജില്‍ ദൈവംപടി സ്വദേശികളായ ചേരിക്കല്‍ ശ്യാം(33), വിത്തരിക്കു ന്നേല്‍ അജേഷ് (24), വെളിയാനാട് കുന്നങ്കരി ചന്ദ്രവിലാസം ശ്യാംകുമാര്‍(27) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 24-നായിരുന്നു സംഭവം.

കറിക്കാട്ടൂരില്‍ ഓട്ടോ ടാക്‌സി ഡ്രൈവറായ ഈട്ടിക്കല്‍ ബിജുവിനെ വിജനമായ സ്ഥലത്തേയ്ക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ച് അവശരാക്കിയ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. ഒന്നാം പ്രതി ശ്യാമിന് ഓട്ടോ ഡ്രൈവറോടുള്ള വിരോധമാണ് ഗുണ്ടാ ആക്രമണത്തില്‍ കലാശിച്ചത്.

ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും, അറസ്റ്റിലായ പ്രതികളെ കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തെന്നും മണിമല സിഐ റ്റി.ഡി. സുനില്‍കുമാര്‍ പറഞ്ഞു. എസ്‌ഐ പി.എസ്. വിനോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് ഫൂട്ടോ, അഭിലാഷ്, സുതന്‍, രംഗനാഥന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.