അറുപതിന്റെ നിറവില്‍ കാഞ്ഞിരപ്പള്ളി താലൂക്ക്.
ജില്ലയിലെ അഞ്ചാമത്തെ താലൂക്ക്.കാഞ്ഞിരപ്പള്ളി: ജില്ലയിലെ താലൂക്കുകളില്‍ ഇളമുറക്കാരന്‍ കാഞ്ഞിരപ്പള്ളി താലൂക്കിന് 60 വയസ് തികയുന്നു.കാഞ്ഞിരപ്പള്ളി താലൂക്ക് രൂപീകൃതമായിട്ട് 2016 ഒക്ടോബാര്‍ ഒന്നിന് 60 വര്‍ഷം തികയും. 1956 ഒക്ടോബര്‍ ഒന്നിനാണ് കാഞ്ഞിരപ്പള്ളി താലൂക്ക് രൂപീകൃതമായത്. തിരുക്കൊച്ചി സംസ്ഥാനത്തെ ചങ്ങനാശേരി താലൂക്കിന്റെ പരിധിയിലായിരുന്ന അന്നു വരെ കാഞ്ഞിരപ്പള്ളി. അസൗകര്യങ്ങള്‍ നിറഞ്ഞ മലയോര ജനതയുടെ ദുരിതങ്ങള്‍ കണ്ടും അനുഭവിച്ചും അറിഞ്ഞ അന്നത്തെ തിരുക്കൊച്ചി എംഎല്‍എ ആയിരുന്ന കെ.ടി.തോമസ് കരിപ്പാപറമ്പില്‍ മുഖ്യമന്ത്രിയായിരുന്ന പനമ്പള്ളി ഗോവിന്ദമേനോന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ചങ്ങനാശേരി താലൂക്ക് വിഭജിച്ച് കാഞ്ഞിരപ്പള്ളി ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപീകരിക്കാന്‍ തീരുമാനമായത്. b1
തുടര്‍ന്ന് തിരുക്കൊച്ചി സംസ്ഥാനത്തിന്റെ ജോയിന്റ് അഡ്വൈസറായിരുന്ന കെ.എന്‍.സുബ്രഹ്മണ്യന്‍ ഐസിഎസ് ന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 1956 ഒക്ടോബര്‍ ഒന്നിന് ഇദ്ദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ഉദ്ഘാടനം ചെയ്തു. ആദ്യം ചിറക്കടവ് വില്ലേജിലെ കുന്നുംഭാഗത്താണ് ഓഫിസ് താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിച്ചത്. താലൂക്കിന് കീഴില്‍ ചേനപ്പാടി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ,മണിമല, ചിറക്കടവ്, ചെറുവള്ളി എന്നീ ആറു വില്ലേജുകളാണ് അന്നുണ്ടായിരുന്നത്.b6-copy
കെ.ഒ.ചാക്കോ പ്രഥമ തഹസില്‍ദാരായി പ്രവര്‍ത്തനം തുടങ്ങിയ താലൂക്ക് ഓഫിസില്‍ 18 ജീവനക്കാരാണ് ഉണ്ടായിരുന്നത്. തഹസില്‍ദാരെ കൂടാതെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍, ഹെഡ് ക്‌ളാര്‍ക്ക് ,സര്‍വ്വേയര്‍, എട്ട് ലോവര്‍ ഡിവിഷന്‍ ക്‌ളാര്‍ക്കുമാര്‍, ടൈപ്പിസ്റ്റ് ,നാലു പ്യൂണ്‍മാര്‍ എന്നിങ്ങനെയായിരുന്നു ജീവനക്കാര്‍. പിന്നീട് 1957ല്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നിലവില്‍ വന്നു കഴിഞ്ഞപ്പോള്‍ താലൂക്കിന്റെ ആസ്ഥാനം സംബന്ധിച്ച് തര്‍ക്കമുണ്ടായി. ആസ്ഥാനം കാഞ്ഞിരപ്പള്ളിയിലാക്കണമോ, പൊന്‍കുന്നത്ത് വേണമോ എന്നതായിരുന്നു തര്‍ക്കം. തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസ്ഥാനം കാഞ്ഞിരപ്പള്ളിയാക്കാന്‍ തീരുമാനിച്ചു. 1958ല്‍ നാട്ടുകാരുടെ സഹകരണത്തോടെ താലൂക്ക് ഓഫിസിനായി കാഞ്ഞിരപ്പള്ളി ടൗണില്‍ പുതിയ കെട്ടിടം (ഇപ്പോഴത്തെ പൊലീസ് സ്റ്റേഷന്‍) നിര്‍മ്മിച്ചു.അന്നത്തെ മന്ത്രി കെ.ആര്‍.ഗൗരിയമ്മ ഉദ്ഘാടനം ചെയ്തു.

 

പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്കിന് കീഴിലെ വിവിധ വില്ലേജുകള്‍ വിഭജിച്ചു. നിലവില്‍ എലിക്കുളം, ഇളങ്ങുളം, ചിറക്കടവ്, ചെറുവള്ളി, മണിമല, കാഞ്ഞിരപ്പള്ളി, ഇടക്കുന്നം, മുണ്ടക്കയം, കൂട്ടിക്കല്‍, എരുമേലി വടക്ക് , എരുമേലി തെക്ക്, കോരൂത്തോട്, കൂവപ്പള്ളി എന്നിങ്ങനെ 13 വില്ലേജുകളാണ് ഉള്ളത്. 2010ല്‍ അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എ ആയിരിക്കെ നിര്‍മ്മിച്ച സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയിലേക്ക് താലൂക്ക് ഓഫിസ് മാറി പ്രവര്‍ത്തനം തുടരുന്നു. 1985ല്‍ കാഞ്ഞിരപ്പള്ളി മുന്‍സിപ്പാലിറ്റിയാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും എതിര്‍പ്പു മൂലം പിന്‍വലിച്ചു.kanjirappally-talookതാലൂക്ക് ഓഫിസില്‍ നിലവില്‍ 70–ാമത്തെ തഹസില്‍ദാരായി സേവനം അനുഷ്ഠിക്കുന്ന ജോസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ 80 ജീവനക്കാരാണുള്ളത്. 13 വില്ലേജുകളിലായി 70 ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. നിലവില്‍ 43854.3101 ഹെക്ടറില്‍ സ്ഥിതി ചെയ്യുന്ന താലൂക്കില്‍ 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 269859 ആണ്. കാഞ്ഞിരപ്പള്ളി, എലിക്കുളം, ചിറക്കടവ് ,മണിമല, എരുമേലി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരൂത്തോട്,എന്നിങ്ങനെ ഒന്‍പത് ഗ്രാമ പഞ്ചായത്തുകളാണ് താലൂക്കിലുള്ളത്.

60–ാം വാര്‍ഷികാഘോഷങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ തുടര്‍ച്ചയായി ഒരാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തുവാനാണ് റവന്യൂ അധികൃതരുടെയും ജനപ്രതിനിധികളുടെയും തീരുമാനം.