കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത റൂബി ജൂബിലി നിറവില്‍. ചങ്ങനാശേരി അതിരൂപതയില്‍ നിന്നു വിഭജിച്ച് 1977 ല്‍ രൂപീകൃതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ റൂബി ജൂബിലി ആഘോഷം 12നു കാഞ്ഞിരപ്പള്ളിയില്‍ നടക്കും. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍, 10ന് രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ റൂബി ജൂബിലിയുടെ ദീപം തെളിക്കും.
തുടര്‍ന്ന് സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, വികാരി ജനറാള്‍മാരായ ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, ഫാ. ജോര്‍ജ് ആലുങ്കല്‍, റവ.ഡോ. കുര്യന്‍ താമരശേരി, ഫാ. കാള്‍ ഹിര്‍ട്ടന്‍ഫെല്‍ഡര്‍, ഫാ. തോമസ് ഇലവനാമുക്കട എന്നിവരുടെ കാര്‍മികത്വ ത്തില്‍ വിശുദ്ധകുര്‍ബാന. ഫൊറോന വികാരിമാരും രൂപതയിലെ മറ്റു വൈദികരും സഹകാര്‍മികരായിരി ക്കും. വിശുദ്ധകുര്‍ബാന മധ്യേ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കും.
തുടര്‍ന്ന് 11.45ന് കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷതവഹിക്കും. രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐസന്‍സ്റ്റാറ്റ് രൂപതയിലെ ഫാ. കാള്‍ ഹിര്‍ട്ടന്‍ഫെല്‍ഡര്‍, സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജാന്‍സി മരിയ എന്നിവര്‍ പ്രസംഗിക്കും. വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേപറമ്പി ല്‍ സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എബ്രഹാം മാത്യു പന്തിരുവേലില്‍ നന്ദിയും പറയും. തുടര്‍ന്ന് സ്‌നേഹവിരുന്ന്. സമ്മേളനത്തില്‍ ഇടവക പ്രതിനിധികളും സന്യാസി, സന്യാസിനി സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികളും സംഘടനാ ഭാരവാഹികളും പങ്കെടുക്കും.
കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, രൂപത പ്രൊക്യുറേറ്റര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ. കുര്യാക്കോസ് അമ്പഴത്തിനാല്‍, പിആര്‍ഒ ഫാ. മാത്യു പുത്തന്‍പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കന്യാകുമാരി മുതല്‍ ഏറ്റുമാനൂര്‍ വരെയും ആലപ്പുഴ മുതല്‍ രാമക്കല്‍മേടു വരെയും ചങ്ങനാശേരി അതി രൂ പത വിസ്തൃതമായിരുന്ന കാലത്താണ് 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്. മാര്‍ ജോസഫ് പവ്വത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി ചുമതലയേറ്റപ്പോള്‍ ചങ്ങനാശേരി രൂപതയുടെ ചാന്‍സിലറായിരുന്ന ഫാ. മാത്യു വട്ടക്കുഴിയെ കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറാളായും ചാന്‍സിലറായും നിയമിച്ചു.
മാര്‍ ജോസഫ് പവ്വത്തില്‍ ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിതനായതോടെ കാഞ്ഞി രപ്പള്ളി രൂപതയുടെ മെത്രാനായി മാര്‍ മാത്യു വട്ടക്കുഴിയെ തെരഞ്ഞെടുത്തു. തുടര്‍ന്നുള്ള 15 വര്‍ഷക്കാലം രൂപതയെ മാര്‍ മാത്യു വട്ടക്കുഴി നയിച്ചു. 2001ല്‍ മാര്‍ മാത്യു അറയ്ക്കല്‍ രൂപതയുടെ മൂന്നാമത്തെ മെത്രാനായി ചുമതലയേറ്റു. 2016 ഫെബ്രുവരി നാലിന് മാര്‍ ജോസ് പുളിക്കല്‍ സഹായമെത്രാനായി ചുമതലയേറ്റു.
നാല്‍പ്പതു വര്‍ഷത്തിനുള്ളില്‍ ആത്മീയ, ഭൗതിക മേഖലകളില്‍ രൂപത വന്‍ വളര്‍ച്ചയാണ് കൈവരിച്ചത്. രൂപതയിലെ 10 ഫൊറോനകളിലായി 145 ഇടവകകളാണ് ഉള്ളത്. വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്ന 60 കപ്പേളകളും എണ്‍പതിലേറെ കുരിശടികളുമുണ്ട്. 37000 കുടുംബങ്ങളും രണ്ടു ലക്ഷത്തിലേറെ വിശ്വാസികളും രൂപതയിലുണ്ട്. ഇവരുടെ ആത്മീയകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി 295 വൈദികര്‍ ശുശ്രൂഷ നിര്‍വഹിക്കുന്നു.