പൊന്‍കുന്നത്ത് കഴിഞ്ഞ ദിവസം നടന്ന, മാര്‍ച്ചും പോലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇടത് യുവജന സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിച്ചതാണ് സ്ഥലം മാറ്റാനുള്ള നീക്കത്തിന് പിന്നില്‍.
കാഞ്ഞിരപ്പള്ളി:ഡി.വൈ എസ് പി കെ.എം ജിജിമോനെ സ്ഥലമാറ്റുവാന്‍ സി. പി. എം പ്രാദേശിക നേതൃത്വം നീക്കം തുടങ്ങി. പൊന്‍കുന്നത്ത് സ്വകാര്യ സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ചിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും യുവജന സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിച്ചതാണ് സ്ഥലം മാറ്റാനുള്ള നീക്കത്തിന് കാരണം.
ഒരാഴ്ചക്കകം തന്നെ ഡി.വൈ എസ് പി യെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങും എന്നാണ് സൂചന. സി പി എം വാഴൂര്‍ ഏരിയ നേതൃത്വം ആണ് സ്ഥലം മാറ്റാനുള്ള നീക്കത്തിന് പിന്നില്‍. അധികാരമേറ്റ് മൂന്ന് മാസം പോലും തികയും മുന്‍പാണ് ഡി.വൈ എസ് പി യെ സ്ഥലം മാറ്റാന്‍ നീക്കം തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആര്‍ എസ് എസ് ക്യാമ്പിനായി പൊന്‍കുന്നം ശ്രേയസ് പബ്ളിക് സ്‌കൂള്‍ വിട്ട് നല്‍കിയതിനെതിരെ ഡി വൈ എഫ് ഐ, എസ് എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ഒരു പോലീസുകാരന്റെ കണ്ണിന് ഗുരുതരമായി പരുക്കേറ്റിരുന്നു.ഇതിനെ തുടര്‍ന്ന് ഏതാനും എസ് എഫ് ഐ പ്രവര്‍ത്തകരെ ഡി.വൈ എസ് പി ഇടപെട്ട് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു .ഇതോടെ പ്രകോപിതരായ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനാക്രമിക്കുകയും പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തിരുന്നു .
സംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് ഒന്‍പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.എസ് എഫ് ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് ഡി.വൈ എസ് പി മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്നാണ് സി.പിഎമ്മിന്റെയും യുവജന സംഘടനകളുടെയും ആക്ഷേപം.ഡി വൈ എസ് പിയുടെ നടപടിയിലൂടെ സമരത്തിന്റെ ലക്ഷ്യം തന്നെ വഴി തെറ്റിയെന്നും ഇവര്‍ കണക്ക് കൂട്ടുന്നു. ബിജെപിയ്ക്ക് മുതലെടുക്കാ നുള്ള അവസരവും ഇതുവഴിയുണ്ടായി.കുറ്റക്കാര്‍ ആണോ എന്ന് വ്യക്തമായി മനസിലാക്കിയിട്ട് വേണമായിരുന്നു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കേണ്ടിയിരുന്നത് .
ഡി.വൈ എസ് പിയുടെ വീഴ്ചയാണ് സ്റ്റേഷനാക്രമണത്തിനും,ജീപ്പ് തകര്‍ക്കലിനും വഴിവച്ചതെന്നും പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സിപിഎമ്മും ഡി.വൈ എഫ് ഐ യും ഡി.വൈ എസ് പി യ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഡി.വൈ എഫ് ഐ ആകട്ടെ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. ഡി.വൈഎസ്പി യുടെ സ്ഥലമാറ്റവിഷയത്തില്‍ സര്‍ക്കാരിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുവാനാണ് സി പി എം പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം എന്നറിയുന്നു.പോലിസ് സേനയിലെ ഒരു വിഭാഗത്തിനും ഡി.വൈ എസ് പി യെ സ്ഥലമാറ്റുന്നതിനോട് അനുകൂല മനോഭാവമാണുള്ളത്.