metro-2പോലീസിനെ രാഷ്ട്രീയ ഇടപെടലില്‍ നിന്നു മോചിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി ; യൂണിയന്‍ നേതാക്കള്‍ക്കു വഴങ്ങാഞ്ഞ എസ്.ഐയെ സ്ഥലം മാറ്റി പ്രതികാര നടപടി

ഇടതു യൂണിയന്‍ നേതാക്കളുടെ ഭീഷണിക്ക് വഴങ്ങാഞ്ഞ കാഞ്ഞിരപ്പള്ളി എസ്.ഐ ഷിന്റോ പി കുര്യനെ സ്ഥലം മാറ്റിയത് കാരണമൊന്നും കൂടാതെ ;  നിസ്സാര കാര്യത്തിന്റെ പേരില്‍ എസ്.ഐയെ സ്ഥലം മാറ്റിയതിനെതിരെ അമര്‍ഷംlab
കാഞ്ഞിരപ്പള്ളി : സംസ്ഥാനത്തെ പോലീസ് വകുപ്പിന് പൂര്‍ണ്ണ സ്വാതന്ത്യം നല്‍കുമെന്നും, രാഷ്ട്രീയ ഇടപെടലില്‍ നിന്നും മോചിപ്പിക്കുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ  പ്രസ്താവനയ്ക്കു പിന്നാലെ ഇടതു ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് വഴങ്ങാത്ത എസ്.ഐയെ സ്ഥലം മാറ്റി പ്രതികാര നടപടി.

പോലീസ് സ്‌റ്റേഷനിലെത്തിയ ഇടതു നേതാക്കളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് എസ്.ഐയെ സ്ഥലം മാറ്റിയത്. ട്രേഡ് യൂണിയന്‍ നേതാക്കള്‍ ലെറ്റര്‍പാഡില്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കൊല്ലം തേനി ദേശീയ പാതയിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഇടതു നേതാക്കള്‍ക്ക് അനുകൂലമായി നിലപാടെടുത്തില്ല എന്നതാണ് എസ്.ഐക്കെതിരായ നടപടിക്ക് കാരണം.shinto
കഴിഞ്ഞ ദിവസം ദേശീയപാതയില്‍ അമിത വേഗതയിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടം ഉണ്ടായ ഉടന്‍ തന്നെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ അമിത വേഗമാണ് അപകട കാരണമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ എസ്.ഐ റിപ്പോര്‍ട്ട് നല്‍കി. ബസ് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഈ ഡ്രൈവര്‍ ഭരണകക്ഷി അനുകൂല യൂണിയനിലെ അംഗമാണ്. ഇതേ തുടര്‍ന്നാണ് കേസ് ഒതുക്കണമെന്ന ആവശ്യവുമായി ഇടതു സംഘടന നേതാക്കള്‍ എസ്.ഐയെ സമീപിച്ചത്. എന്നാല്‍ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകാനായിരുന്നു എസ്.ഐ ഷിന്റോ പി കുര്യന്റെ തീരുമാനം. പലഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും, എസ്.ഐ വഴങ്ങിയില്ല.

ഇതോടെ ജില്ലയിലെ യൂണിയന്റെ ഭാരവാഹകള്‍ അടക്കമുള്ളവര്‍ നേരിട്ട് സ്‌റ്റേഷനിലെത്തി എസ്.ഐയെ കണ്ടു. നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് എസ്.എ ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ നേതാക്കള്‍ എസ്.ഐക്കെതിരെ ഭീഷണി മുഴക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കള്‍ പരാതിയുമായി ജില്ലാ നേതൃത്വത്തെ സമീപിച്ചത്. തുടര്‍ന്ന് യൂണിയന്റെ ലെറ്റര്‍പാഡില്‍ പരാതി നല്‍കുകയും ചെയ്തു.pinarayi_shinto-copy
പരാതി ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടപടിയും വന്നു. രാഷ്ട്രീയം നോക്കാതെ ആര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്ന എസ്.ഐയെ കോട്ടയം കണ്‍ട്രോള്‍ റൂമിലെക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങുകയും ചെയ്തു. എസ്.ഐയെ സ്ഥലം മാറ്റിയ നടപടിക്കെതിരെ പൗര സംഘടനകളും, ജില്ലയിലെ മറ്റു ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.

ചാര്‍ജ്ജെടുത്ത് ചുരുങ്ങിയ കാലം കൊണ്ട് കാഞ്ഞിരപ്പള്ളി മേഖലയിലെ ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്ത എസ്.ഐ ഷിന്റോ പി കുര്യന്‍ ജനങ്ങള്‍ക്ക് സ്വീകാര്യനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. നിര്‍ണ്ണായകമായ പല കേസുകളിലും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് കഴിവു തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഈ ഉദ്യോഗസ്ഥന്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, മികച്ച പോലീസ് ഉദ്യോഗസ്ഥനെന്ന് പേരെടുത്ത എസ്.ഐയ്ക്ക് ആഭ്യന്തര വകുപ്പ് പിന്തുണ നല്‍കിയിരുന്നു.

എന്നാല്‍ നിസാര കാര്യത്തിന് എസ്.ഐയെ സ്ഥലം മാറ്റി പോലീസിന് രാഷ്ട്രീയവിധേയത്വം ഉണ്ടാകണമെന്ന സന്ദേശം നല്‍കിയിരിക്കുകയാണ് ആഭ്യന്തര വകുപ്പ് ഈ സംഭവത്തിലൂടെ. പോലീസിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കാന്‍ രാഷ്ട്രീയപ്രവര്‍ത്തകരെ അനുവദിക്കില്ലെന്നും, സ്വാതന്ത്ര്യം നല്‍കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായതിനു പിന്നാലെയാണ് ഈ നടപടി.siva-2