കാഞ്ഞിരപ്പള്ളി:ആളില്ലാതിരുന്ന വീട്ടില്‍ നിന്നും പകല്‍ രണ്ടു പവന്റെ സ്വര്‍ണ്ണമാല മോഷണം പോയി. തമ്പലക്കാട് റോഡില്‍ പി ആന്‍ഡ് ടി ക്വാര്‍ട്ടേഴ്‌സിനു സമീപത്ത് ഏര്‍ത്തേല്‍ വിന്‍സി റോയ് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നുമാണ് തിങ്കളാഴ്ച പകല്‍ രണ്ടു പവന്‍ മോഷണം പോയത്.

വീടിന്റെ പിന്‍വശത്തെ അടുക്കളയോട് ചേര്‍ന്നുള്ള വര്‍ക്ക് ഏരിയയുടെ ഗ്രില്‍ ഇളക്കി യാണ് മോഷ്ടാക്കള്‍ അകത്തു പ്രവേശിച്ചത്. വര്‍ക്ക് ഏരിയയില്‍ നിന്നും മുറിയിലേക്ക് പ്രവേശിക്കുന്ന വാതില്‍ പൂട്ടിയിരുന്നില്ല. വിന്‍സിയുടെ ഭര്‍ത്താവ് റോയ് ബാംഗ്‌ളൂരി ലാണ് ജോലിചെയ്യുന്നത്. 

കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിന്‍സി ജോലിക്കും, കുട്ടികള്‍ സ്‌കൂളിലും പോയ സമയത്താണ് മോഷണം നടന്നത്. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് വീടിനുള്‍വശം അലങ്കോലപ്പെട്ടു കിടക്കുന്നത് കണ്ടത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണമാല മോഷ്ണം പോയതെന്ന് അറിയുന്നത്. കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.