കണമല : ശബരിമല യാത്രയില്‍ അയ്യപ്പഭക്തര്‍ പാപമോക്ഷം തേടി കല്ലിടുന്ന കല്ലിടാം കുന്നില്‍ പുലിയുടെ സാന്നിധ്യം. വനംവകുപ്പിന്റ്റെ ക്യാമറയിലാണ് കഴിഞ്ഞദിവസം പുലിയുടെ ദൃശ്യങ്ങള്‍ തെളിഞ്ഞത്. ഇതോടൊപ്പം കടുവകളുണ്ടോയെന്ന് അറിയാനാ യി 96 ക്യാമറകള്‍ ഇന്നലെ വനത്തില്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചെന്ന് വനംവ കുപ്പ് അറിയിച്ചു.

മുന്‍ വര്‍ഷം ക്യാമറകളുടെ സഹായത്തോടെ നടത്തിയ കണക്കെടുപ്പില്‍ പമ്പാ റെയി ഞ്ചിലെ ശബരിമല കാനനപാതയുള്‍പ്പെട്ട വനത്തില്‍ ആറ് കടുവകളുണ്ടെന്ന് കണ്ടെ ത്തിയിരുന്നു. അതേസമയം പുലിയുടെ ദൃശ്യങ്ങളില്ലായിരുന്നു. പെരിയാര്‍ കടുവ സ ങ്കേതമാണ് ഈ വനപ്രദേശം. ശബരിമല ഇടത്താവളമായ അഴുതക്കടവിലെ നടപ്പാ ലം കഴിഞ്ഞാണ് കടുവ സങ്കേത സംരക്ഷിത വനം ആരംഭിക്കുന്നത്. തീര്‍ത്ഥാടകര്‍ അഴുത യിലെ നടപ്പാലം കടന്ന് തുടരുന്ന കാനനയാത്ര ഇതുവഴിയാണ് കടന്നുപോകുന്നത്. അഴുതയില്‍ കുളിച്ച് പാപ സങ്കല്‍പമായി നദിയില്‍ നിന്നും കല്ലുകളെടുത്ത് ഇരുമുടി ക്കെട്ടിനൊപ്പം ചേര്‍ത്തുവെച്ചാണ് ഘോര വനത്തിലൂടെ പമ്പ വരെ നഗ്‌നപാദരായുളള യാത്ര.

അഴുതക്കടവ് കഴിഞ്ഞ് കുത്തനെ കയറ്റമാണ്. ഈ കയറ്റം അവസാനിക്കുന്നതാണ് മലയുടെ നെറുകയായ കല്ലിടാംകുന്ന്. ഇവിടെ പ്രാര്‍ത്ഥനയോടെ ശരണം വിളിച്ച് ഭക്തര്‍ അഴുതാ നദിയില്‍ നിന്നെടുത്ത കല്ലുകള്‍ എറിയും. പാപമോചനം തേടുന്ന ഈ കുന്നിലാണ് പുലിയുടെ സാന്നിധ്യം വനംവകുപ്പിന്റ്റെ ക്യാമറയില്‍ തെളിഞ്ഞത്. ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. അതേസമയം ഇക്കാര്യത്തില്‍ ഒട്ടും ആശങ്ക വേണ്ടെന്ന് വനംവകുപ്പ് പറയുന്നു. തീര്‍ത്ഥാടക സഞ്ചാരം ആരംഭിക്കുന്നതോടെ മൃഗങ്ങള്‍ ഉള്‍വലിയും. മനുഷ്യസാന്നിധ്യം ഒഴിയുമ്പോഴാണ് ഉള്‍വനത്തില്‍ നിന്നും മൃഗങ്ങള്‍ കാടിറങ്ങുക. മുന്‍കാല തീര്‍ത്ഥാടന നാളുകളില്‍ ആനയൊഴികെ മറ്റ് വന്യമൃഗങ്ങളുടെ സാന്നിധ്യം ലഭ്യമായിട്ടില്ലെന്ന് പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പറഞ്ഞു.

ആനക്കൂട്ടങ്ങളാണ് വനാതിര്‍ത്തികളില്‍ എത്തുന്നത്. ആനകളുടെ വഴിത്താരകള്‍ കടന്നുപോകുന്നത് തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതകളിലാണ്. വെള്ളം തേടിയും വിഭവങ്ങള്‍ക്കുമായാണ് ആനകള്‍ കാടിറങ്ങുന്നതെങ്കില്‍ പുലിയും കടുവയും എത്തുന്നത് ഇരതേടിയാണ്. കഴിഞ്ഞയിടെ ശബരിമല സന്നിധാനത്തും പമ്പാ-നിലയ്ക്കല്‍ പാതയിലും പുലികളെ കണ്ടിരുന്നു. 45 ദിവസങ്ങള്‍ക്ക് ശേഷമാണ് ക്യാമറകളിലെ ചിത്രങ്ങള്‍ ശേഖരിക്കുക. ഇതോടെ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നും മൃഗങ്ങളുടെ കണക്കെടുപ്പ് നടത്താനാകും. പുലി, കടുവ, ആന ഉള്‍പ്പെടെ വന്യജീവികള്‍ പമ്പ റേഞ്ചിലെ വനത്തില്‍ എത്രയെണ്ണമുണ്ടെന്ന് ഇതോടെ വ്യക്തമാകും.