കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോ ട് മുന്‍ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്തിനെ പരിഗണിക്കുന്നതില്‍ ബിജെപി  ഘടകത്തില്‍ കടുത്ത ഭിന്നത. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ദേശീയനേതൃത്വത്തിനും, പ്രധാനമന്ത്രി യുടെ ഓഫീസിനും ഒരു വിഭാഗം കത്തയച്ചു.

 

എന്നാല്‍ മുന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചവരെ എന്‍ഡിഎ മന്ത്രിമാര്‍ സ്റ്റാഫിലേയ്ക്ക് പരിഗണിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിര്‍ള്‍ദേശം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം കത്തയച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ സഹായത്തോടെ നാപ്പാക്കുന്ന കേരളത്തിലെ വിനോദ സഞ്ചാര വികസന പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനു മലയാളി ഉദ്യോഗസ്ഥനെ തന്നെ പരിഗണിക്കാമെന്ന വിലയിരുത്തലാണ് പിന്നില്‍.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചതും കണ്ണന്താനം നിര്‍ദേശിച്ച തസ്തിക ലഭിക്കുന്നതിനു തടസമായേക്കും. ഇക്കാര്യത്തില്‍ കണ്ണന്താനം ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ അനുവാദം തേടിയിരുന്നില്ലെന്ന ആരോപണവുമുണ്ട്.രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ 2015ലാണ് പ്രശാന്തിനെ കോഴിക്കോട് കലക്ടറായി നിയമിച്ചത്.

കോഴിക്കോട് എം.പി: എം.കെ. രാഘവനുമായി പ്രശാന്ത് ഇടഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പീന്നീട് അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോയി. ഐ.എ.എസ്. അസോസിയേഷന്‍ സെക്രട്ടറി കൂടിയാണു പ്രശാന്ത്.

കോഴിക്കോട് ജില്ലാ കലക്ടറായിരിക്കെ മലബാറുകാരുടെ മനംകവര്‍ന്ന പ്രശാന്തിനെ അവര്‍ ‘കലക്ടര്‍ ബ്രോ’ എന്നാണു വിശേഷിപ്പിച്ചിരുന്നത്. ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി അദ്ദേഹം ഫെയ്‌സ്ബുക്ക് പേജും ആരംഭിച്ചിരുന്നു.