കണമല പാലത്തിലെ റോഡിൽ വിളളൽ  ആശങ്ക വേണ്ടെന്നും മരാമത്ത്
കണമല : മൂന്ന് വർഷമായ കണമലയിലെ പാലത്തിൽ മധ്യഭാഗത്തായി റോഡിലെ കോൺക്രീറ്റ് പാളിയുടെ മൂലയിൽ നേർത്ത വിളളൽ പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാൽ യാതൊരുവിധ ആശങ്കയും വേണ്ടെന്നും റോഡായി ഉപയോഗിക്കുന്ന കോൺക്രീറ്റിംഗ് പാളികളിൽ ഒന്നിന് ഇളക്കം തട്ടിയപ്പോഴുണ്ടായ നേർത്ത വിളളലാണെന്നും പാലത്തിന് ഭീഷണിയില്ലന്നും പൊതുമരാമത്ത് അധികൃതർ അറിയിച്ചു. തിങ്കൾ വൈകുന്നേരം പാലത്തിലൂടെ നടന്ന വഴിയാത്രക്കാരനാണ് വിളളൽ കണ്ട് നാട്ടുകാരെ വിവരം അറിയിച്ചത്. ഇതോടെ ആളുകൾ തടിച്ചുകൂടി. ചിലർ പാളിയിൽ കുത്തിയിളക്കി പരിശോധിച്ചപ്പോൾ കോൺക്രീറ്റിനുളളിലെ കമ്പിയുടെ ഭാഗങ്ങൾ തെളിഞ്ഞു. ഇതിനിടെ ഭാരമേറിയ വാഹനങ്ങൾ കടന്നുപോയപ്പോൾ വിളളൽ കൂടുതൽ പ്രകടമായെന്ന് നാട്ടുകാർ പറഞ്ഞു.IMG-20170626-WA0026
പുതിയ പാലമായിട്ടും വിളളൽ രൂപപെട്ടത് നിർമാണത്തിലെ അപാകതയാണെന്ന് ആരോപണവും ഉയർന്നു. മണിമല  സിഐ റ്റി ഡി സുനിൽകുമാർ, എരുമേലി എസ്ഐ ജർലിൻ വി സ്കറിയ എന്നിവരുടെ നേതൃത്തിൽ പോലെസ് സ്ഥലത്തെത്തി പാലം പരിശോധിച്ചു. തുടർന്ന് മരാമത്തുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫിസിൽ നിന്നുംഅറിയിച്ചു. അതേസമയം വിളളൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പാലത്തിൽ റോഡായി ഉപയോഗിക്കുന്ന കോൺക്രീറ്റ് പാളികളിൽ ഒന്നിനാണെന്നും ഇത് പുറത്ത് വെച്ച് നിർമിച്ച ശേഷം പാലത്തിൽ സ്ഥാപിച്ചതാണെന്നും ഇത്തരം നിരവധി പാളികൾ അടുക്കി ഉറപ്പിച്ചാണ് റോഡ് നിർമിച്ചിരിക്കുന്നതെന്നും ആശങ്ക വേണ്ടെന്നും പൊതുമരാമത്തധികൃതർ പറയുന്നു. പാലത്തിൻറ്റെ തൂണുകൾ, ബീമുകൾ എന്നിവയുമായി ബന്ധിപ്പിച്ച് നിർമാണം പൂർത്തിയായ ശേഷം റോഡ് നിർമിച്ചത് ഭാരമേറിയ കോൺക്രീറ്റ് പാളികൾ ക്രെയിൻ ഉപയോഗിച്ച് അടുക്കി ഉറപ്പിച്ചാണ്. പ്രീ സ്ട്രക്ചേർഡ് കോൺക്രീറ്റിംഗ് പാളികൾ ഉപയോഗിച്ച് പാലത്തിൽ റോഡ് നിർമിച്ച പുതിയ രീതിയിലാണ് കണമല പാലത്തിൽ റോഡ് നിർമിച്ചിരിക്കുന്നത്. പാളികൾക്ക് കേടുപാടുകളുണ്ടായാലും പാലത്തിന് ഒരു തരത്തിലും ദോഷകരമാകില്ലന്നുളളതാണ് ഈ രീതിയുടെ പ്രത്യേകതയെന്ന് പറയുന്നു.
ഈ രീതിയിൽ പാലവുമായി നേരിട്ട് ബന്ധമില്ലാതെ റോഡ്  നിർമിച്ച രണ്ടാമത്തെ പാലമാണ് കണമലയിലേത്.  കഴിഞ്ഞയിടെ ദേശീയപാതകളിലെ പാലങ്ങളുടെ സുരക്ഷാപരിശോധനയുടെ ഭാഗമായി കണമല പാലവും വിദഗ്ധ സംഘം പരിശോധിച്ച് സുരക്ഷിതമാണെന്നറിയിച്ചതാണെന്നും മരാമത്ത് വിശദീകരിക്കുന്നു. വിളളലുണ്ടായ പാളി മാറ്റി പുതിയത് സ്ഥാപിക്കാനാണ് മരാമത്തിൽ ഇപ്പോൾ നീക്കമുളളത്. എന്നാൽ പുതിയ പാലത്തിൽ വിളളലുണ്ടാകുന്നത് നിർമാണത്തിൽ അപാകതയുണ്ടായിട്ടുണ്ടെന്ന സംശയം നാട്ടുകാരിൽ ശക്തമാണ്.