ഒരുമിനിറ്റ്; 97 പുഷ്അപ്പ് എരുമേലി സ്വദേശിയായ കെ ജെ ജോസഫിന് പുഷ്അപ്പുകളുടെ റെക്കോഡ്.

ടൌണ്‍ഹാളിലെ വേദിയില്‍ വജ്രാസനത്തിലിരുന്ന് കെ ജെ ജോസഫ് അല്‍പ്പനേരം ധ്യാനിച്ചു. പിന്നെ ഇരുകൈയും കാലിന്റെ പെരുവിരലുകളും മാത്രം നിലത്തുകുത്തി ‘പുഷ്അപ്പ്’ എടുത്തുതുടങ്ങി. 59 സെക്കന്‍ഡ് പിന്നിട്ടപ്പോള്‍ എടുത്ത പുഷ്അപ്പുകളുടെ എണ്ണം 97. പഴങ്കഥയായത് ജോസഫ്തന്നെ സ്ഥാപിച്ച 82 പുഷ്അപ്പുകളുടെ റെക്കോഡ്.

wwwwഒരുമിനിട്ടില്‍ ഏറ്റവും കൂടുതല്‍ പുഷ്അപ്പ് എടുത്ത് ഗിന്നസ് ബുക്കില്‍ കയറിപ്പറ്റുക എന്ന ലക്ഷ്യമാണ് വെള്ളിയാഴ്ച കെ ജെ ജോസഫ് കൈവരിച്ചത്. 2016 ഫെബ്രുവരി എട്ടിന്് 82 പുഷ്അപ്പുകള്‍ എടുത്ത സ്വന്തം റെക്കോഡാണ് തിരുത്തിയത്. ജസ്റ്റിസ് സിറിയക് ജോസഫ്, ഗിന്നസ് മാടസ്വാമി, ഷോറിന്‍ റ്യൂ കരാട്ടെ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചീഫ് പി ഗോപാലന്‍, അക്കാദമി ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അധികൃതര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. ഡിജിറ്റല്‍സംവിധാനം ഉപയോഗിച്ചാണ് പുഷ്അപ്പുകള്‍ എണ്ണിയത്.

ജോസഫിന്റെ പ്രകടനം ആവശ്യമായ രേഖകള്‍സഹിതം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് അധികൃതര്‍ക്ക് അയച്ചു കൊടുക്കുമെന്ന് പ്രകടനത്തിന്റെ വിധികര്‍ത്താവുകൂടിയായ ഗിന്നസ് മാടസ്വാമി പറഞ്ഞു.

എരുമേലി സ്വദേശിയായ കെ ജെ ജോസഫ് 111 ദിവസം വെള്ളവും പഴങ്ങളും മാത്രം ആഹാരമാക്കിയശേഷമാണ് ലോകറെക്കോഡ് പ്രകടനം നടത്തിയത്. ചക്കയുടെ കാലമായതിനാല്‍ അതായിരുന്നു മുഖ്യഭക്ഷണം. പേരയ്ക്ക, പപ്പായ, വാഴപ്പഴം, മാങ്ങ തുടങ്ങി ലഭ്യമായ നാടന്‍പഴങ്ങളെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. കരാട്ടെ, കളരി, ബോക്‌സിങ്, കുങ്ഫൂ, കൊബെഡോ, യോഗ എന്നിവയുടെ പരിശീലകനായ ജോസഫിന് വിപുലമായ ശിഷ്യസമ്പത്തുണ്ട്. മക്കളായ അഭിതയും അലോണയും കരാട്ടെ ബ്‌ളാക്‌ബെല്‍റ്റ് ജേതാക്കളാണ്.