സംസ്ഥാനത്ത് മദ്യം ഒഴുക്കാനുള്ള സാഹചര്യമൊരുക്കി എൽഡിഎഫ് സർക്കാരിന്‍റെ പുതിയ മദ്യനയം. ത്രീസ്റ്റാറിനു മുകളിലുള്ള ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എൽഡിഎഫിന്‍റെ മദ്യനയം വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവിൽ ഫൈവ്സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമാണ് ബാർ ലൈസൻസ് ഉള്ളത്. എന്നാൽ‌ ത്രീസ്റ്റാറിനു മുകളിലുള്ള ഹോട്ടലുകൾക്കുകൂടി ബാർ ലൈസൻസ് നൽകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനും തീരുമാനമായി. വിമാനത്താവളങ്ങളിൽ രാജ്യാന്തര ലോഞ്ചുകൾക്കു പുറമെ ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കും. പുതിയ മദ്യനയം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവരും.SCOLERSപൂട്ടിയ ബിയർ ആന്‍ഡ് വൈൻ പാർലറുകളും ഉടൻ തുറക്കാൻ പുതിയ മദ്യനയം വഴിയൊരുക്കും. സുപ്രീം കോടതി ഉത്തരവ് പ്രകാരം പൂട്ടിയ ബിയർ വൈൻ പാർലറുകൾക്കും ബാറുകൾക്കും അതാത് താലൂക്കുകളിൽ മാറ്റിസ്ഥാപിക്കാൻ അനുമതി നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. പൂട്ടിയ ബിയർ വൈൻ പാർലറുകളിലെ തൊഴിലാളികൾക്ക് തൊഴിൽ കൊടുക്കണമെന്ന വ്യവസ്ഥയിൽ വൃത്തിയുള്ള കെട്ടിടത്തിൽ മാറ്റി സ്ഥാപിക്കാനായിരിക്കും അനുമതി നൽകുക.

സംസ്ഥാനത്ത് കള്ളും ഇഷ്ടംപോലെ ഒഴുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കള്ളുവില്‍പ്പന മദ്യഷാപ്പുകള്‍ക്ക് പുറത്തേക്കും വ്യാപിപ്പിക്കും. ത്രീസ്റ്റാറിനും അതിനുമുകളിലുമുള്ള എല്ലാ ഹോട്ടലുകളിലും കള്ള് വിൽപ്പന നടത്താനും അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അബ്കാരി ചട്ടങ്ങളിൽ കാലാനുസൃത മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബാറുകളുടെ പ്രവർത്തനം സമയം 12 മണിക്കൂറായി പുനക്രമീകരിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ഇനി ബാറുകൾ പ്രവർത്തിക്കുക. എന്നാൽ ടൂറിസം മേഖലയിൽ 13 മണിക്കൂറായി ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു. ഈ മേഖലകളിൽ രാവിലെ 10 മണിമുതൽ 11വരെ ബാറുകൾക്ക് പ്രവർത്തിക്കാം. മദ്യം ലഭിക്കാനുള്ള കുറഞ്ഞ പ്രായപരിധി 23 വയസായി ഉയർത്തി. നിലവിൽ ഇത് 21 വയസായിരുന്നു.

പാരമ്പരാഗത വ്യവസായമായ കള്ളിനു സർക്കാർ സംരക്ഷണമൊരുക്കും. കള്ളുഷാപ്പുകളുടെ വിൽപന മൂന്നുവർഷത്തിൽ ഒരിക്കലാക്കും. കള്ളുഷാപ്പു ലേലത്തിനു തൊഴിലാളി സഹകരണ സംഘങ്ങൾക്കു മുൻഗണന നൽകും. ചെത്തുതൊഴിലാളികളുടെ ക്ഷേമത്തിനു ടോഡി ബോർഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, യുഡിഎഫിന്‍റെ മദ്യനയം സമ്പൂർണ പരാജയം ആയിരുന്നെന്നും ചൂണ്ടിക്കാട്ടി. മദ്യനിരോധനത്തെപ്പറ്റി ബിഷപ്പുമാർ പറയുന്നത് ആത്മാർഥമായാണ്. അതിൽ‌ സംശയം തോന്നേണ്ടതില്ല. സമ്പൂർണ മദ്യനിരോധനം ആഗ്രഹിക്കുന്നവരുണ്ട്. പക്ഷേ പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുഡിഎഫ് മദ്യനയംമൂലം ലഹരി ഉപയോഗം കൂടി. മദ്യവർജനമാണ് ഇടതുമുന്നണിയുടെ നയം. സംസ്ഥാനത്തു കൂടുതൽ ലഹരിവിമോചന കേന്ദ്രങ്ങൾ തുറക്കും. ബാറുകൾ അടച്ചിട്ടതുമൂലം 40,000 തൊഴിലാളികൾ ദുരിതത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.