കാഞ്ഞിരപ്പള്ളി : ഉണക്കമീന്‍ കറി കൂട്ടി ചോറു കൊടുത്ത ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ ചത്തു. നായ യയുടെ ഉടമ പൊലീസില്‍ പരാതി നല്‍കി. ഇത് സംബന്ധിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കടയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ഉണക്കമീന്‍ പരിശോധനക്കായി എടുത്തു. സംഭവം സംബന്ധിച്ച് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് മണര്‍കാട് പള്ളി പെരുന്നാളിനു പോയി മടങ്ങുകയായിരുന്ന അധ്യാപക ദമ്പതികള്‍ ബുധനാഴ്ച പൊന്‍കുന്നത്തെ ഉണക്കമീന്‍ വ്യാപാരശാലയില്‍ നിന്നാണ് ഒരു കിലോ ഉണക്കതുണ്ടം മീന്‍ വാങ്ങിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മീന്‍കറി വെച്ചു.
കപ്പ പുഴുങ്ങിയതിനൊപ്പം കഴിക്കുന്നതിന് മീന്‍കറി എടുത്തുവെങ്കിലും വായില്‍ വെച്ച മീനിന്റെ അരുചി കാരണം കഴിച്ചില്ല. ഭക്ഷണത്തിനു ശേഷം വൈകുന്നേരം നാലരയോടെ ശരീരത്തിന് ചെറിയ അസ്വസ്ഥത തോന്നിയ ഇവര്‍ വീട് അടച്ച് കിടന്നു. പിന്നീട് ദമ്പതികള്‍ അടുത്ത ദിവസം രാവിലെ 9 നാണ് ഉണര്‍ന്നത്. അതില്‍ പ്രത്യേകിച്ച് അസ്വാഭിവികത തോന്നിയതുമില്ല.
രാവിലെ എഴുന്നേറ്റപ്പോള്‍ തങ്ങള്‍ വളര്‍ത്തുന്ന മുന്നു വയസുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയക്ക് ചോറും മീന്‍ കറിയും ചേര്‍ത്തു നല്‍കി. 15 മിനിട്ടു കഴിഞ്ഞതോടെ നായ വല്ലാതെ ഞരങ്ങുകയും മുരളുകയും ചെയ്യുന്നതു കേട്ട് ചെന്നു നോക്കിയപ്പോള്‍ നായയുടെ വായില്‍ നിന്നും നുരയും പതയും വരുന്നതു കണ്ടു. ഉടന്‍ മൃഗാശുപത്രിയെത്തി വിവരങ്ങള്‍ പറഞ്ഞ് മരുന്നു വാങ്ങി നല്‍കി. ഉച്ച കഴിഞ്ഞ് മൂന്നരയോടെ നായ ചാവുകയും ചെയ്തു. കറിവെച്ച മീന്‍ കഴിച്ചിരുന്നുവെങ്കില്‍ തങ്ങളുടെ അനുഭവവും ഇതു തന്നെയാവുമെന്ന പേരിലാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.