പൊന്‍കുന്നം: എടിഎമ്മില്‍ നിന്നു ലഭിച്ച 9,000 രൂപ ഉടമസ്ഥനു നല്‍കി കോട്ടയം ക്രൈം ബ്രാഞ്ച് എഎസ്‌ഐ ചിറക്കടവ് സെന്റര്‍ പെരുന്തലക്കാട് പി.എന്‍. ഷാജി മാതൃകയായി. പൊന്‍കുന്നം ഗവ. ഹൈസ്‌കൂളിനു എതിര്‍വശത്തുള്ള എസ്ബിറ്റിയുടെ എടിഎം കൗണ്ടറില്‍ നിന്നാണ് ഷാജിക്കു പണം ലഭിച്ചത്.
ചികിത്സാ സഹായത്തിനായി ബന്ധു ബാങ്കില്‍ നിക്ഷേപിച്ച പണമെടുക്കാനായി ചിറക്കടവ് സെന്റര്‍ വടക്കേവീട്ടില്‍ നീലകണ്ഠന്‍ നായര്‍ വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ എടിഎം കൗണ്ടറിലെത്തിയത്.
കാര്‍ഡ് മെഷിനില്‍ ഇട്ട് പണം പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 20 മിനിറ്റോളം കാത്തിരുന്നെങ്കിലും പണം ലഭിക്കാതെ വന്നതോടെ ഇദ്ദേഹം മടങ്ങുകയായിരുന്നു. പിന്നീട് ബാങ്ക് ശാഖയില്‍ എത്തി പരാതി നല്‍കി. ഇതിനു പിന്നാലെ എടിഎം കൗണ്ടറിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനു ട്രേയില്‍ നിന്നു പണം ലഭിക്കുകയായിരുന്നു. പണം ഇദ്ദേഹം പൊന്‍കുന്നം പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ഈ വിവരം പോലീസ് ബാങ്കില്‍ അറിയിച്ചു. പണം നഷ്ടപ്പെട്ടയാള്‍ ബാങ്കില്‍ നിന്ന് സ്‌റ്റേഷനിലെത്തി പണം കൈപ്പറ്റി.