കാഞ്ഞിരപ്പള്ളി: നിർമാണത്തിലിരിക്കുന്ന കാഞ്ഞിരപ്പള്ളി- കാഞ്ഞിരംകവല റോഡിലെ ആനക്കല്ലിലെ പാലം പൊളിച്ചു പണിയാത്തിൽ വ്യാപക പ്രതിഷേധം. പാലത്തിന് ബലക്ഷയമുണ്ടെന്നും വീതികൂട്ടി നടപ്പാതയടക്കമുള്ള ആധുനിക രീതിയിൽ പാലം നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.ആനക്കല്ലിലും വില്ലണിയിലെ പുല്ലാട്ട് പാലവും പൊളിച്ചു പണിയണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രിക്കും മറ്റുംനിവേദനവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പാലം സന്ദർശിക്കുകയും ആനക്കല്ലിലെ പാലം വീതി കൂട്ടി നിർമിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ, ഇപ്പോൾ പാലത്തിലും ടാറിംഗ് നടത്തിയതോടെ പാലം പുനർ നിർമിക്കില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വർഷങ്ങൾ പഴക്കമുള്ള ആനക്കല്ലിലെ പാലത്തിന്റെ കൈവരികളും സംരക്ഷണഭിത്തിയും തകർന്ന നിലയിലാണ്. ആനക്കല്ല് സെന്റ് ആൻണീസ് പബ്ലിക് സ്കൂളിനോട് ചേർന്നുള്ള പാലത്തിലൂടെയുള്ള കാൽനട സാധ്യമല്ലാത്ത രീതിയിലാണ് ടാറിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. നിരവധി വാഹനങ്ങൾ കടന്ന പോകുന്ന ഈ റോഡിൽ പലയിടങ്ങളിലും നടപ്പാതകളില്ലാതെയാണ് റോഡ് നിർമാണം നടത്തിയിരിക്കുന്നതെന്ന് ആക്ഷേപം ഉണ്ട്.
ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് റോഡ് ടാർ ചെയ്യുന്നത്. പൊതുമരാമത്ത് വിവിധ പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ചിരിക്കുന്ന റോഡ് ഇൻഫ്രാസ്ട്രക്ച്ചർ കമ്പനി കേരള ലിമിറ്റഡാണ് കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡ് നവീകരണം നടപ്പാക്കുന്നത്.