എരുമേലി : കിടപ്പ് മുറിയിൽ അലമാരക്ക് മുകളിൽ ചെറിയ ഒരു ചീറ്റൽ ശബ്ദം. നിരവധി പാമ്പുകളെ പിടികൂടിയതിന് വനം വകുപ്പ് ദിവസ വേതനാടിസ്ഥാനത്തിൽ നൽകിയ ഗാർഡ് ജോലിയിൽ പ്രവേശിച്ചയുടനെയാണ്  ജോണിയെ തേടി മൂർഖനെ പിടികൂടാൻ ആദ്യ ദൗത്യമെത്തിയത്. ചീറ്റുന്ന മൂർഖനെ വനപാലകരുടെ വിലക്ക് വക വെക്കാതെ ജോണി കൈപ്പിടിയിലാക്കിയതോടെ എരുമേലിയിലെ ഒരു കുടുംബത്തിൻറ്റെ ഭീതി മുൾമുനയിൽ നിന്നും പമ്പ കടന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ താഴത്തുവീട്ടിൽ അബ്ദുൽ കെരീമിൻറ്റെ വീട്ടിലാണ് സംഭവം. ചീറ്റുന്ന മൂർഖനെ കിടപ്പുമുറിയിൽ കണ്ട് വീട്ടുകാർ ഭയവിഹ്വലരായി. എന്ത് ചെയ്യണമെന്നറിയാതെ പകച്ച വീട്ടുകാർ ഒടുവിൽ വനംവകുപ്പിൻറ്റെ സഹായം തേടുകയായിരുന്നു. പാമ്പിനെ പിടികൂടാൻ നിർദേശമെത്തിയത് പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക്.
ഇവിടെ പാമ്പ് പിടുത്ത വിദഗ്ധർ ഇല്ലാത്തത് മുൻനിർത്തി കഴിഞ്ഞ ദിവസമാണ് മുൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറുടെ ശുപാർശയിൽ തൊടുപുഴ സ്വദേശി കൂടക്കാട്ട് വീട്ടിൽ ജോണി തോമസ് പ്ലാച്ചേരി വനം ഡെപ്യൂട്ടി റെയിഞ്ച് ഓഫിസിൽ താൽക്കാലിക ഗാർഡായി ജോലിയിൽ കയറുന്നത്. ആദ്യ ദിവസം തന്നെ മൂർഖനെ പിടികൂടിയതിൻറ്റെ സംതൃപ്തിയിലാണിപ്പോൾ ജോണി.
ഡെപ്യൂട്ടി റെയിഞ്ചോഫീസർ കെ വി രതീഷും വനപാലകരും ഒപ്പമുണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ്  പിടികൂടുന്നതിനിടെ മുറിവേറ്റ ഒരു മൂർഖനെ മരുന്ന് വെച്ച് ചികിത്സ നൽകാൻ ശ്രമിച്ച മുക്കട സ്വദേശി  ബിജു കടിയേറ്റ് ദാരുണമായി മരിച്ച സംഭവത്തിന് ദൃക്സാക്ഷിയായിരുന്നു ഡെപ്യൂട്ടി റെയിഞ്ചോഫിസർ. ഈ ദുരനുഭവം മുൻനിർത്തി ചീറ്റിക്കൊണ്ടിരിക്കുന്ന മൂർഖനെ പിടികൂടുന്നത് അപകടമാണെന്ന് ജോണിയോട് കെ വി രതീഷ് പറഞ്ഞു.
അപ്പോഴേക്കും ജനാലയുടെ കൈവരികളിൽ പിടിച്ചുകയറിയ ജോണി അലമാരക്ക് മുകളിൽ ബാഗിൻറ്റെ അടിയിൽ നിന്നും ഊർന്നിറങ്ങിയ മൂർഖൻറ്റെ മുമ്പിലെത്തികഴിഞ്ഞിരുന്നു. അസാമാന്യ ധൈര്യത്തോടെ ജോണി കൈകൾ നീട്ടി പാമ്പിനെ എടുത്തുതർത്തി ചീറ്റുന്ന പത്തിയുൾപ്പടെ തലയിൽ പിടുത്തമിട്ടു. കുതറി തെറിച്ച് ശൗര്യം പ്രകടിപ്പിച്ച പാമ്പിനെ ചാക്കിനുളളിലേക്കിട്ടു.
ചാക്കിൻറ്റെ വായ മൂടി പ്ലാസ്റ്റിക് ചരടിൽ ബന്ധിപ്പിച്ച് വനപാലകർ മടങ്ങുമ്പോൾ ഭീതിയുടെ കൊടുമുടിയിൽ നിന്നും വീട്ടുകാർ മുക്തരാവുകയായിരുന്നു. പിടിയിലായ മൂർഖനെ ശബരിമല വനത്തിൽ തുറന്ന് വിടുമെന്നും അതുവരെ പ്ലാച്ചേരിയിലെ റെസ്ക്യുഹോമിൽ പാർപ്പിച്ചിരിക്കുകയാണെന്നുംഡെപ്യൂട്ടി റെയിഞ്ചോഫിസർ അറിയിച്ചു. 30ന് വനം മന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ആനിമൽ റെസ്ക്യു ഹോമിലെത്തിയ ആദ്യ അന്തേവാസി കൂടിയാണ് ഈ മൂർഖൻ.
മാസങ്ങൾക്ക് മുമ്പ് ചികിത്സക്കിടെ മൂർഖൻറ്റെ കടിയേറ്റ് ബിജു മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയിടപെട്ട്  വനംവകുപ്പിൽ ബിജുവിൻറ്റെ ഭാര്യക്ക് ജോലിയും ധനസഹായവും നൽകിയിരുന്നു. ഇതേതുടർന്നാണ് പാമ്പുപിടിത്തത്തിനായി ദിവസ വേതനാടിസ്ഥാനത്തിൽ വനംവകുപ്പ് നേരിട്ട് നിയമനം നടത്താൻ തീരുമാനിച്ചത്.mery queens may