പഠനയാത്ര പോയ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു; രണ്ടു വിദ്യാർഥിനികൾ മരിച്ചു
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ നിന്ന് പഠന യാത്ര പോയ വിദ്യാർഥികളുടെ സംഘം സഞ്ചരിച്ച ബസ് കർണാടകത്തിലെ ചിക്കമംഗലൂരിൽ അപകടത്തിൽപ്പെട്ട് രണ്ടു വിദ്യാർഥിനികൾ മരിച്ചു.ഐറിൻ മരിയ ജോർജ്, മെറിൻ സെബാസ്റ്റ്യൻ എന്നീ വിദ്യാർഥികളാണ് മരിച്ചതെന്ന് കോളജ് വൃത്തങ്ങൾ അറിയിച്ചു. സുൽത്താൻ ബത്തേരി കൊടുവട്ടി പുത്തൻകുന്ന് പാലിയത്ത്മോളേൽ പി.ടി. ജോർജിന്റെയും എലിസബത്തിന്റെയും മകളാണ് ഐറിൻ. മുണ്ടക്കയം വരിക്കാനിവളയത്തിൽ ദേവസ്യ കുരുവിളയുടെയും റീനാമ്മയുടെയും മകളാണ് മെറിൻ.
ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥിയെ മംഗലാപുരം കസ്തൂർബാ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 10 വിദ്യാർഥികൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ മൂന്നാം വർഷ ബാച്ചിലെ 74 വിദ്യാർഥികൾ രണ്ടു ബസുകളിലായി അധ്യാപകർക്കും രക്ഷിതാക്കളുടെ പ്രതിനിധികൾക്കുമൊപ്പം കഴിഞ്ഞ ചൊവ്വാഴ്ചയാണ് പഠനയാത്ര പുറപ്പെട്ടത്. ബാംഗ്ലൂർ, മൈസൂർ, കൂർഗ് എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളും മറ്റും സന്ദർശിച്ചശേഷം രാത്രി ചിക്കമംഗലൂരിൽ എത്തിയപ്പോഴാണ് അപകടം.
കർണാടകത്തിലെ ചിക് മംഗളൂരിൽ മാഗഡി അണക്കെട്ടിന് അടുത്താണ് അപകടം ഉണ്ടായത്.
ഞായറാഴ്ച സംഘം മടങ്ങിയെത്തേണ്ടതായിരുന്നു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ബസ് കുഴിയിലേക്ക് മറിയുകയായിരുന്നാണ് അറിയാൻ കഴിഞ്ഞത്. സംഭവമറിഞ്ഞ് അൻപതോളം മലയാളികൾ രക്ഷാ പ്രവർത്തനത്തിന് സ്ഥലത്ത് ഓടിയെത്തി. ഇവരാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയത്.