ഒരു ലോക മാതൃദിനം കൂടി കടന്നു പോകുമ്പോൾ കാഞ്ഞിരപ്പള്ളിയിലെ നല്ല സമറായൻ ആശ്രമത്തിൽ ഉള്ളത് ഒന്നും രണ്ടും അമ്മമാരല്ല. നൂറിനടുത്തു വരും അവർ. മാനസിക അസ്വസ്ഥയെ തുടർന്ന് സഹോദരങ്ങളും മക്കളും ഭർത്താക്കൻമാരും ഉപേക്ഷിച്ചവർ. രോഗം വിട്ടു മാറിയിട്ടും തിരികെ കൊണ്ട് പോകുവാൻ ഉറ്റവർ തയാറാകാഞ്ഞതിനെ തുടർന്ന് ശിഷ്ടകാലം ഇവിടെ കഴിയണ്ടി വന്നവർ.
ഇവിടെ ഏൽപ്പിച്ച് കഴിഞ്ഞാൽ പിന്നെ എന്തും ആയി എന്നു കരുതുന്നവർ. പിന്നെ തിരി കെ നോക്കിയിട്ട് 21 വർഷം വരെ ആയവർ. പക്ഷെ ഇവർക്കിപ്പോൾ അതിനായി കരഞ്ഞ് തീർക്കുവാൻ കണ്ണീരില്ല. ഉറ്റവർക്ക് വേണ്ടാത്തവർക്ക് താങ്ങും തണലുമായി നല്ല ഇടയൻ ആശ്രമത്തിലെ അധികാരികളുണ്ട്. പുനർജീവിതത്തിനായിട്ടാണ് ഇവരെ ആശ്രമത്തിൽ ഏൽപ്പിച്ചതെങ്കിലും പിന്നെ പലരുടെയും ബന്ധുക്കൾ തിരിഞ്ഞ് നോക്കാറേയില്ല. ഫോൺ വിളികൾ പോലും അപൂർവ്വം.
രോഗം ഭേദമാകുന്നവരെ കൊണ്ടു പോകുവാൻ പോലും മക്കൾ തയാറല്ല. ഒരിക്കൽ മാനസിക അസ്വസ്ഥയുള്ളവരുടെ മേൽ കെട്ടി ഏൽപ്പിച്ച ലേബൽ ഇവരുടെ തലക്കു മീതെ വാളായി തൂങ്ങി കിടക്കുന്നതു തന്നെ കാരണം. ഇങ്ങനെ ആകെ ആശ്രമത്തിലുള്ളത് അന്യസംസ്ഥാനക്കാരടക്കം 133 പേരാണ്. 21 വയസു മുതൽ 88 വയസു വരെ ഉളളവർ.
ഇവർ മരിച്ചതറിഞ്ഞാൽ പോലും ബന്ധുക്കൾ തിരിഞ്ഞ് നോക്കാറേയില്ല. ആറ്റ് നോറ്റുണ്ടായ മക്കൾ ജീവിതാവസാനം തനിക്ക് താങ്ങും തണലുമാകും എന്ന് ഇവർ കരുതിയിരുന്നു ഒരുനാൾ. എന്നാൽ ആർക്കും വേണ്ടാതെ ദുഖം ഉള്ളിലൊതുക്കി കഴിയുവാൻ മാത്രമാണ് ഇവരുടെ വിധി.