കാഞ്ഞിരപ്പള്ളി: അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള ഇടവഴിക്ക് പകരം തോടിന് മുകളിലൂടെ കോണ്‍ക്രീറ്റ് ചെയ്ത് റോഡ് നിര്‍മിച്ച് നല്‍കി. തോടിന്റെ നീരൊഴുക്ക് തടയാതെയാണ് നിര്‍മാണം നടത്തിയത്. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ തോട്ടു മുഖം പള്ളിയ്ക്കും അയിഷാ പള്ളിക്കുമിടയില്‍ കെ.ഇ റോഡില്‍ നിന്നും നൂറ്റിയമ്പ തോളം ആളുകള്‍ താമസിക്കുന്ന സ്ഥലത്തോക്കാണ് തോടിന് മുകളിലൂടെ റോഡ് നിര്‍മിച്ചത്. വര്‍ഷങ്ങളായി 3 അടി മാത്രമുള്ള നടപ്പാത മാത്രമാണ് ഇവര്‍ക്കുണ്ടാ യിരുന്നത്. 
രോഗികളായവര്‍ക്കും പ്രായമാര്‍ക്കും ടൗണിലേക്ക് ഇറങ്ങുവാന്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇവിടെ താമസിക്കുന്നവര്‍ക്ക് റോഡ് നിര്‍മിച്ച് നല്‍കുവാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെയിരിക്കെയാണ് വാര്‍ഡംഗം സുബിന്‍ സലീമിന്റെ നേതൃത്വത്തില്‍ തോടിന് മുകളിലൂടെ കോണ്‍ക്രീറ്റ് ചെയ്ത് റോഡ് നിര്‍മിക്കാന്‍ പദ്ധതിയൊരുക്കുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടാണ് മിനിമില്‍-ജവാന്‍പടി റോഡിന്റെ നിര്‍മാണം നടത്തിയത്. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 4 ലക്ഷം രൂപ അനുവധിച്ച് തോടിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടത്തി. 
പിന്നീട് ലോക ബാങ്കില്‍ നിന്നും അനുവധിച്ച 4 ലക്ഷവും പ്ലാന്‍ഫണ്ട് ഇനത്തില്‍ അനുവധിച്ച 2 ലക്ഷം രൂപയും ഉപയോഗിച്ചാണ് തോടിന് മുകളിലൂടെ കോണ്‍ക്രീറ്റ് ചെയ്തത്. 80 മീറ്റര്‍ നീളത്തിലും പത്തടി വീതിയിലുമാണ് റോഡിന്റെ നിര്‍മാണം നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എട്ടോളം പുതിയ റോഡുകളാണ് വാര്‍ഡംഗം സുബിന്‍ സലീമിന്റെ നേതൃത്വത്തില്‍ നടത്തിയത്. 
നിരവധി വര്‍ഷങ്ങളായ മാറി വന്ന ത്രിതല പഞ്ചായത്ത് അധികാരികളോട് റോഡ് നിര്‍മിച്ച് നല്‍കണമെന്ന് പ്രദേശ വാസികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റോഡ് നിര്‍മാണത്തിനായി ആവശ്യമായ സ്ഥലമില്ലാത്തിനാല്‍ റോഡ് നിര്‍മാണം മുടങ്ങി. പിന്നീട് വാര്‍ഡംഗം സുബിന്‍സലിം തോടിന് മുകളിലൂടെ റോഡ് നിര്‍മിക്കാമെന്ന ആശയം അറിയിക്കുകയായിരുന്നു. ടര്‍ന്ന് പഞ്ചായത്ത് കമ്മറ്റിയില്‍ വിഷയം അവതരിപ്പിക്കുകയും അനുമതി വാങ്ങുക യുമായിരുന്നു. ഇതോടെയാണ് ജവാന്‍പടിയിലെ കുടുംബങ്ങളുടെ നിരവധി നാളുകളായിട്ടുള്ള റോഡെന്ന സ്വപ്‌നം സഫലമായത്.