വാഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയതായി നിര്‍മിച്ച ഓഫീസ് സമുച്ചയത്തിന്റെയും ഷോപ്പിംഗ് കോംപ്ലക്സിന്റെയും ഉദ്ഘാടനം 29 ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുതിയ പഞ്ചായത്തോഫീസ് നിര്‍മിക്കുവാന്‍ 2014ല്‍ അന്നത്തെ ഭരണസമിതിയാണ് തറക്കല്ലിട്ടത്. 2016 ജനുവരിയില്‍ നിര്‍മാണം ആരംഭിക്കുകയായിരുന്നു.
പഞ്ചായത്തിന്റെ ഓണ്‍ ഫണ്ടും കേരള റൂറല്‍ അര്‍ബന്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ വായ്പയും അടക്കം 3.75 കോടി രൂപ ചെലവഴിച്ചാണ് മൂന്നുനിലകളിലായി പഞ്ചായത്തോഫീസും ഷോപ്പിംഗ് കോംപ്ലക്സും നിര്‍മിച്ചത്.
26ന് രാവിലെ 10.30ന് കമ്യൂണിറ്റി ഹാളില്‍ അഖിലേന്ത്യാ പുസ്തകോത്സവം കെ.ജി.ഹരികൃഷ്ണന് ഉദ്ഘാടനം ചെയ്യും. വിനയന് കൊടുങ്ങൂരിന്റെ സ്റ്റാമ്പ്, നാണയ പ്രദര്‍ശനം കെ. ബിനു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുട്ടികളുടെ ചിത്രരചനാമത്സരം പ്രസന്നന് ആനിക്കാടും കാര്‍ഷികോത്സവം ടെസി ജോസഫും ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് പാര്‍ക്കിംഗ് മൈതാനത്ത് നടക്കുന്ന ഭക്ഷ്യമേള പഴയിടം മോഹനന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. അഞ്ചിന് സാംസ്കാരിക സമ്മേളനം പ്രഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ഡോ. ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് നൃത്തോത്സവം.
27ന് 10ന് കാര്‍ട്ടൂണ്‍ കളരി, ഉച്ചകഴിഞ്ഞ് കവിയരങ്ങ്, കലാസന്ധ്യ, വൈകുന്നേരം 6.30ന് കഥാപ്രസംഗം, മിമിക്സ്.
28ന് 10.30ന് ക്വിസ് മത്സരം, വൈകുന്നേരം അഞ്ചിന് മുന്‍കാല ജനപ്രതിനിധികളെ ആദരിക്കലും യശ: ശരീരരായ പ്രസിഡന്റുമാരുടെ ഫോട്ടോ അനാച്ഛാദനവും, വൈകുന്നേരം ആറുമുതല്‍ ‘മധുരിക്കും ഓര്‍മകളേ’ മെലഡീസ്.
29ന് രാവിലെ ഒന്‍പതിന് സാംസ്കാരിക റാലി, 10ന് കാരിക്കേച്ചര്‍ ഷോ, 11ന് പഞ്ചായത്ത് ഓഫീസ് മന്ദിരോദ്ഘാടനം മന്ത്രി കെ.ടി. ജലീൽ നിര്‍വഹിക്കും. ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ഡപ്യൂട്ടി സ്പീക്കര്‍ പി.ശശി ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 4.30ന് ഗാനമേള.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് പ്രഫ. എസ്. പുഷ്കലാദേവി വൈസ് പ്രസിഡന്റ് പി.എം. ജോണ്‍ പഞ്ചായത്തംഗങ്ങളായ റംഷാദ് റഹ്മാന്, ലൈസാമ്മ ഇടക്കലാത്ത് എന്നിവര്‍ പങ്കെടുത്തു.