എരുമേലി :വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറി കഴുത്തിൽ നിന്നും സ്വർണത്താലി മാല പറിക്കാൻ ശ്രമിച്ച യുവാവിനെ പോലിസ് മണിക്കൂറുകൾക്കകം വിദഗ്ദമായി പിടികൂടി. മണ്ണാറക്കയം അഞ്ചലിപ്പ കോളനിയിൽ നിർമലാ ഭവനിൽ രജ്ഞിത്ത് രാജു (26) ആണ് അറസ്റ്റിലായത്. മണിമല കറിക്കാട്ടൂർ കോലെഴുത്ത് കലുങ്ക് ഭാഗത്ത് കുളപ്പുരയ്ക്കൽ രാജേഷിൻറ്റെ ഭാര്യ സുലേഖയുടെ മാലയാണ് അപഹരിക്കാൻ ശ്രമിച്ചത്.
 കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. സുലേഖയുടെ കടയിൽ സാധനം വാങ്ങിയ ശേഷം ബാക്കി തുക വാങ്ങുന്നതിനിടെയാണ് മുളക് പൊടി കണ്ണിൽ വിതറി മാല പറിക്കാൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഓടി രക്ഷപെട്ട പ്രതിയെപ്പറ്റി തെളിവുകളൊന്നുമില്ലായിരുന്നു. എന്നാൽ എസ് പി യുടെ നിർദേശപ്രകാരം മേഖലയി ലെ  സിസി ക്യാമറകൾ പരിശോധിച്ചതിൽ സംശയകരമായി കണ്ട വാഹനങ്ങൾ സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. പ്രതിയെ കോടതിയി ൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെട്ടന്ന് ധനവാനാകാനാണ് മോഷണത്തിനിറങ്ങിയതെന്ന് മൊഴി നൽകിയ പ്രതി മറ്റ് കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞയിടെ എരുമേലിയിലും സമാനമായ സംഭവം നടന്നിരുന്നു. ഇത് സംബന്ധിച്ച് പ്രതിയെ ചോദ്യം ചെയ്യുമെന്ന് പോലിസ് പറഞ്ഞു. എസ് പി  മുഹമ്മദ് റെഫീഖിൻറ്റെ നിർദേശപ്രകാരം ഡിവൈഎസ്പി ഇമ്മാനുവേൽ പോളിൻറ്റെ മേൽനോട്ടത്തിൽ മണിമല സിഐ റ്റി ഡി സുനിൽ കുമാറിൻറ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
മണിമല എസ്ഐ പി എസ് വിനോദ്, അഡീഷണൽ എസ്ഐ എൻ സി സണ്ണി, എഎസ്ഐ അനിൽ കുമാർ, സീനിയർ സിവിൽ ഓഫിസർമാരായ സുധൻ, മുഹമ്മദ് ഭൂട്ടോ, ആൻറ്റി ഗുണ്ടാ സ്ക്വാഡ് അംഗം കെ എസ് അഭിലാഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.